ന്യൂഡല്‍ഹി : 2024 ലും ബി. ജെ. പി യെ തോല്‍പിക്കാനാവില്ല എന്ന നിരാശയിലാണ് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി. ജെ.പി ഹനുമാനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട പാര്‍ട്ടിയാണെന്ന് ബി. ജെ. പി സ്ഥാപകദിനത്തില്‍ പാര്‍ട്ടിയുടെ 2024 തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം സാമൂഹിക നീതിയെക്കുറിച്ച് കാമ്പില്ലാതെ സംസാരിക്കുമ്പോള്‍ ബി. ജെ. പി ഓരോ ഇന്ത്യക്കാരനെയും സഹായിക്കുന്നതിനായി അധ്വാനിക്കുകയാണെന്ന് മോദിയുടെ കുഴിമാടം ഒരുങ്ങിയെന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ അഴിമതി, സ്വജനപക്ഷപാതം, ക്രമസമാധാന വെല്ലുവിളികള്‍ എന്നിവയ്‌ക്കെതിരേ കടുത്ത രീതിയില്‍ പോരാടുമെന്നും ഹനുമാനാണ് ഇതിനുപിന്നിലെ പ്രചോദനം എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ ഇന്ന് ഹനുമാനെപ്പോലെ വെല്ലുവിളികളെ നേരിടാന്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും സഖ്യകക്ഷികളും വളരെ ശുഷ്‌കമായി ചിന്തിക്കുന്നവരും അഴിമതിയിലും കുടുംബവാഴ്ചയിലും മുങ്ങിപ്പോയവരുമാണെന്നും മോദി കുറ്റപ്പെടുത്തി. നിശ്ചയദാര്‍ഢ്യവും എല്ലാം നേരിടാന്‍ കഴിയുമെന്ന വിശ്വാസവും ബി. ജെ. പിക്കുണ്ടെന്നും വലിയ സ്വപ്‌നങ്ങള്‍ കാണുകയും അവ നിറവേറ്റാന്‍ വേണ്ടി കഠിനമായി പ്രയത്‌നിക്കുകയും ചെയ്യുക എന്നതാണ് ബി. ജെ. പിയുടെ രാഷ്ട്രീയ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. ഹനുമാനെപ്പോലെ കര്‍ക്കശക്കാരാവാന്‍ കഴിയുന്നതോടൊപ്പം തന്നെ തങ്ങള്‍ വിനയും അനുകമ്പയും ഉള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.