കോഴിക്കോട്: തളി മഹാക്ഷേത്രത്തിലെ ഉത്സാവാഘോഷം 14 മുതല്‍ 21 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തവണ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായാണ് ഉത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ 300ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന കലാവിരുന്ന് അരങ്ങേറും. സിനിമാ നടനും നര്‍ത്തകനുമായ വിനീത്, രാജശ്രീ വാര്യര്‍, പട്ടാഭിരാമ പണ്ഡിറ്റ്, കാവാലം ശ്രീകുമാര്‍, കോട്ടക്കല്‍ മധു തുടങ്ങിയ കലാകാരന്മാര്‍ പങ്കെടുക്കും. തന്ത്രിവര്യന്‍മാരായ ചേന്നാസ് ശങ്കരന്‍ നമ്പൂതിരിപ്പാട്, പ്രൊഫ. ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ തിരുകാര്‍മികത്വത്തില്‍ താന്ത്രിക വിധി പ്രകാരമുള്ള പൂജാദികര്‍മങ്ങള്‍ക്ക് പുറമേ തായമ്പക, പാഠകം, ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, ഭക്തി ഗാനമേള, അക്ഷര ശ്ലോക സദസ്, നാരായണീയ-ദേവീ മാഹാത്മ്യ പാരായണം തുടങ്ങിയ പരിപാടികളും നടക്കും. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷത്തിന്റെ ഭാഗമായി മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളും നടക്കും. ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, പി.എ മുഹമ്മദ് റിയാസ്, എം.കെ രാഘവന്‍ എം.പി, കലാ-സാംസ്‌കാരിക-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ പാട്ടം കൃഷ്ണന്‍ നമ്പൂതിരി, വിശ്വേശരന്‍ (കണ്‍വീനര്‍), പി.എം മനോജ്കുമാര്‍ (എക്‌സിക്യൂട്ടീവ് ഓഫിസര്‍), പി.എം ഉണ്ണികൃഷ്ണന്‍ (സഹ കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ പങ്കെടുത്തു.