ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ മകനുമായ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്സിന്റെ മുന്‍ സോഷ്യല്‍ മീഡിയ തലവനായിരുന്നു അനില്‍ ആന്റണി. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്തെത്തി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബി.ജെ.പിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.
നേരത്തെ തന്നെ അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുമെന്ന് സൂചനയുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരേ അനില്‍ ആന്റണി കടുത്ത നിലപാടുകള്‍ പലതവണ സ്വീകരിച്ചപ്പോള്‍ തന്നെ അദ്ദേഹം ബി ജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എ.ഐ.സി.സി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായിരുന്ന അനില്‍ ആന്റണി ബി.ബി.സി വിവാദത്തിന് പിന്നാലെ പാര്‍ട്ടിയുമായി തെറ്റിപിരിഞ്ഞ് എല്ലാ പദവികളില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ബി.ബി.സി ഡോക്യുമെന്ററി എന്നാണ് അനില്‍ ആന്റണി പറഞ്ഞത്. നേതൃത്വത്തില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും, തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുവെന്നായിരുന്നു അനില്‍ പിന്നീട് വ്യക്തമാക്കിയത്. കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേരുന്നതോടെ ഉണ്ടാകുന്നത്.