കൊച്ചി: കളമശ്ശേരിയിലെ അനധികൃത കൈമാറ്റം നടത്തിയ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതില്‍ തീരുമാനം എടുക്കാന്‍ ഹൈക്കോടതി സി.ഡബ്ല്യു.സിയെ ചുമതലപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ താല്‍ക്കാലിക സംരക്ഷണത്തിനു വേണ്ടി ആറുമാസത്തേക്കാണ് ദമ്പതികള്‍ക്ക് കൈമാറിയത്. വിവാദത്തിനു പുറമെ കുഞ്ഞിനെ ശിശുക്ഷേമ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ദമ്പതികള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ശിശുക്ഷേമ സമിതിയുടെ വിശദീകരണം ഇതിനിടെ തേടുകയും ചെയ്തു. പിന്നാലെയാണ് കുഞ്ഞിന്റെ താല്‍ക്കാലിക സംരക്ഷണം ദമ്പതികള്‍ക്ക് നല്‍കാന്‍ ഹൈക്കോടതി അനുകൂല ഉത്തരവിട്ടത്. 20 വര്‍ഷമായി കുട്ടികളില്ലാത്തതിനെ തുടര്‍ന്നാണ് ദത്തെടുക്കാന്‍ തീരുമാനിച്ചതെന്ന് ദമ്പതിമാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
പത്തനംതിട്ട സ്വദേശിയും ആലുവയില്‍ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന അവിവാഹിതയായ യുവതി 2022 ആഗസ്റ്റിലാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രസവിച്ചത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതിനു ശേഷം യുവതി സ്വന്തം ഇഷ്ടപ്രകാരമായിരുന്നു പരിചയക്കാരായ തൃപ്പൂണിത്തുറയില്‍ നിന്നുള്ള ദമ്പതികള്‍ക്ക് കുട്ടിയെ കൈമാറിയത്. കുഞ്ഞിനെ വളര്‍ത്താന്‍ പോലും കഴിയാത്ത സ്ഥിതി വന്നപ്പോഴാണ് കുഞ്ഞിന് വേണ്ടി ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നാണ് സംഭവത്തില്‍ ദമ്പതികള്‍ പ്രതികരിച്ചത്. കുഞ്ഞിനെ തട്ടിയെടുത്തതല്ല, വിവാഹിതരല്ലാതിരുന്ന കുഞ്ഞിന്റെ മാതാപിതാക്കള്‍ വളര്‍ത്താന്‍ ഏല്‍പ്പിച്ചതാണെന്നും ദമ്പതികള്‍ പറഞ്ഞിരുന്നു.