ബെംഗളൂരു: രാജ്യത്തെ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലധികം വരുന്ന കര്‍ണാടകയില്‍ മെയ് 10 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയ്ക്ക് ഇതുവരേയും സീറ്റ് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ തവണ സിദ്ധരാമയ്യ മത്സരിച്ച ബദാമിയിലും ചാമുണ്ഡേശ്വരിയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
42 സീറ്റുകളിലേക്ക് ഉള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 58 സീറ്റുകളില്‍ ഇപ്പോഴും ധാരണ ആയിട്ടില്ല. ബി. ജെ. പി വിട്ട് വന്ന ബാബുറാവു ചിന്‍ചനാസുറിന് ഗുര്‍മിത്കല്‍ സീറ്റ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ എന്‍ വൈ ഗോപാല്‍കൃഷ്ണയ്ക്ക് മൊളക്കല്‍മുരു സീറ്റ് ആണ് നല്‍കിയിട്ടുള്ളത്. അതേസമയം, കോലാര്‍ ഇത്തവണത്തെ പട്ടികയിലും ഉള്‍പ്പെട്ടിട്ടില്ല.
224 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ അനിവാര്യ ശക്തിയായി ജനതാദള്‍ എസും കളത്തിലുണ്ട്. ഇക്കുറിയും ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബി. ജെ. പി. ജാതിസമവാക്യങ്ങള്‍ക്ക് മേല്‍ക്കെയ്യുള്ള മണ്ണാണ് കര്‍ണാടകയിലേത്. പ്രബലരായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളെ ഒപ്പം കൂട്ടി ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് ബി. ജെ. പി നടത്തുന്നത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒ. ബി. സി വിഭാഗത്തിലെ മുസ്ലീം സമുദായങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം എടുത്തുമാറ്റി ലിംഗായത്തുകള്‍ക്കും വൊക്കലിഗര്‍ക്കുമായി തുല്യമായി വീതിച്ചു നല്‍കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്.