എലത്തൂര്‍ ട്രെയിന്‍ ആക്രമണം: പ്രതിയെ പിടികൂടുന്നതില്‍ കേരള പോലിസിന് വീഴ്ചയുണ്ടായി: വി.ഡി സതീശന്‍

എലത്തൂര്‍ ട്രെയിന്‍ ആക്രമണം: പ്രതിയെ പിടികൂടുന്നതില്‍ കേരള പോലിസിന് വീഴ്ചയുണ്ടായി: വി.ഡി സതീശന്‍

തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച കോഴിക്കോട്ടെ എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തിലെ പ്രധാന പ്രതിയെ പിടികൂടുന്നതില്‍ കേരള പോലിസിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതേ ട്രെയിനില്‍ തന്നെ പ്രതി യാത്ര ചെയ്തിട്ടും പിടികൂടാനായില്ല. പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിന് തുല്യമായിരുന്നു പൊലീസിന്റെ പ്രവര്‍ത്തികള്‍. പിടികൂടിയ പ്രതിയുമായി തിരിച്ചുവരുന്നമ്പോള്‍ വാഹനം തകരാറിലാവുകയും പ്രതിയുമായി ഒന്നരമണിക്കൂര്‍ റോഡില്‍ കാത്തുനിന്നത് കേസിനെ എത്രമാത്രം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ്.

ഞായറാഴ്ച രാത്രി 9.30 നാണ് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഷാറൂഖ് സെയ്ഫി തീ കൊളുത്തിയത്. അതേ ട്രെയിനില്‍ തന്നെ യാത്ര തുടര്‍ന്ന പ്രതി പതിനൊന്നരയോടെ കണ്ണൂരിലെത്തി. പ്രതിയെക്കുറിച്ചുള്ള ദൃക്‌സാക്ഷി മൊഴികള്‍ ഈ സമയത്ത് പുറത്ത് വന്നിരുന്നു. എന്നിട്ടും പ്രതി സഞ്ചരിച്ച ട്രയിനിലോ വന്നിറങ്ങിയ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലോ ഒരു പോലിസ് പരിശോധനയും നടന്നില്ലെന്നത് അമ്പരിപ്പിക്കുന്നതാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. റെയില്‍വേ സ്റ്റേഷനുകളും മറ്റ് പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് കാര്യമായ പരിശോധന നടത്തിയിരുന്നെങ്കില്‍ പ്രതിയെ അന്ന് തന്നെ കസ്റ്റഡിയില്‍ കിട്ടുമായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ എറണാകുളം – അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസില്‍ കണ്ണൂരില്‍ നിന്ന് ഷഹറൂഖ് സെയ്ഫി യാത്ര തുടര്‍ന്നു. കൃത്യമായ പോലിസ് ഇടപെടലോ പരിശോധനകളോ ഉണ്ടായിരുന്നെങ്കില്‍ കേരള അതിര്‍ത്തി കടക്കും മുന്‍പ് പ്രതിയെ പിടികൂടാമായിരുന്നുവെന്ന് വി.ഡി സതീശന്‍ പറഞ്ഞു. പ്രതിയെ പിടികൂടിയത് കേരളാ പോലിസാണെന്ന മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് പൊതുസമൂഹം ചിരിക്കുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *