അനധികൃത പേ പാര്‍ക്കിംഗ് ഈടാക്കുന്നതിനെതിരേ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് കേരള പരാതി നല്‍കി

അനധികൃത പേ പാര്‍ക്കിംഗ് ഈടാക്കുന്നതിനെതിരേ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് കേരള പരാതി നല്‍കി

കോഴിക്കോട് : നഗരത്തിലെ മാളുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും അനധികൃത പേ പാര്‍ക്കിംഗ് ഈടാക്കുന്നതിനെതിരേയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമം ലംഘിച്ച് വന്‍തുക അഡ്മിഷന്‍ ഫീസ് വാങ്ങുന്നതിനെതിരേയും കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് കേരള (സി. എഫ്. കെ) ജില്ലാ കമ്മിറ്റി കലക്ടര്‍ക്ക് പരാതി നല്‍കി. നൂറുകണക്കിന് പാവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരും ദൈനംദിനം എത്തുന്ന മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലും ബീച്ച ജനറല്‍ ആശുപത്രിയിലും കോഴിക്കോട് കോര്‍പ്പറേഷന്റെ അനുമതി ഇല്ലാതെയും കേരള മുനിസിപ്പല്‍ നിയമം ലംഘിച്ചു കൊണ്ടുമാണ് ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിംഗിനായി ഫീസ് ഈടാക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഗവണ്‍മെന്റിന്റെ അനുമതി ഇല്ലാതെയാണ് വന്‍തുക അഡ്മിഷന്‍ ഫീസ് ഈടാക്കുന്നത്. ഇത്തരം അന്യായങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം എ. ഡി. എമ്മിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ യോഗത്തിലും ഡി. സി. പി. സി മെമ്പറും സി. എഫ്. കെ ജില്ലാ പ്രസിഡന്റുമായ സക്കരിയ പള്ളിക്കണ്ടി വിഷയം ഉന്നയിച്ചു. പാര്‍ക്കിംഗ് വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സി. എഫ്.കെ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പി. അബ്ദുള്‍ മജീദ്( സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍), ജില്ലാ ഭാരവാഹികളായ സന്തോഷ് തുറയൂര്‍, ടി. വി. എം റിയാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രമ ബാബു, എം. പി മുഹമ്മദ് ബഷീര്‍, കെ. പി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *