കൊച്ചി: വര്‍ഷങ്ങളായി സംസ്ഥാനത്തെ ജയിലുകളില്‍ നടത്തിവന്നിരുന്ന വിശുദ്ധവാര തിരുകര്‍മങ്ങള്‍ തടസപ്പെടുത്തുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് കെ.എല്‍.സി.എ ആവശ്യപ്പെട്ടു. കത്തോലിക്ക സഭയുടെ ജയില്‍ മിനിസ്ട്രിയുടെ ഭാഗമായി നടന്നുവന്നിരുന്ന വിശുദ്ധവാര തിരുകര്‍മങ്ങള്‍ ഇത്തവണ ജയില്‍ ഡി.ജി.പിയുടെ വകുപ്പ് തലത്തിലുള്ള നിര്‍ദേശം മുഖേനെ വിലക്കിയിരിക്കുന്നു എന്നതാണ് പരാതി. ജയിലുകളില്‍ വിശുദ്ധകുര്‍ബാനയുള്‍പ്പെടെയുള്ള ആത്മീയ ആവശ്യങ്ങള്‍ വിലക്കിയ നടപടി അടിയന്തിരമായി പുനഃപരിശോധിച്ച് ഈ വിശുദ്ധവാരത്തിലും തിരുകര്‍മങ്ങള്‍ ജയിലുകളില്‍ തുടരുന്നതിന് നിര്‍ദേശം നല്‍കി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എല്‍.സി.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് ഷെറി ജെ.തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, ആധ്യാത്മിക ഉപദേഷ്ടാവ് മോണ്‍. ജോസ് നവാസ് എന്നിവര്‍ സംയുക്തമായി നല്‍കിയ കത്തിന്റെ പകര്‍പ്പ് ജയില്‍ ഡി.ജി.പിക്കും നല്‍കിയിട്ടുണ്ട്.