കോഴിക്കോട്: മലബാര്‍ ദേവസ്വം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ കൂട്ടായ്മ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 64 ദിവസം തുടര്‍ച്ചയായി സമരം ചെയ്ത് നേടിയെടുത്ത രണ്ടു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ശമ്പളം പോലും വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളില്‍ നടപ്പിലാക്കാതിരിക്കുമ്പോള്‍ ഗ്രേഡ് കൂടിയ ക്ഷേത്രങ്ങളില്‍ എല്ലാ മാസവും ശമ്പളവും ലീവും നല്‍കുന്നുണ്ടെന്നും, ഈ വിവേചനം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മദിരാശി നിയമം അവസാനിപ്പിക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, മാസാമാസം വേതനം ലക്ഷ്യമാക്കുക, കൃത്യമായ കണക്കുകള്‍ ലഭ്യമാക്കാത്ത ക്ഷേത്രഭരണാധികാരികള്‍ക്കെതിരേ നടപടി എടുക്കുക, ലീവ് സറണ്ടര്‍ ആനുകൂല്യം എല്ലാ ജീവനക്കാര്‍ക്കും അനുവദിക്കുക, ആര്‍ത്തവ ലീവ് അനുവദിക്കുക, ക്ഷേത്ര ജീവനക്കാര്‍ക്ക് ലീവോ, പകരക്കാര്‍ക്ക് വേതനമോ അനുവദിക്കുക, മലബാര്‍ ദേവസ്വം ബോര്‍ഡ് സര്‍വീസ് പെന്‍ഷന്‍ നടപ്പിലാക്കുക, ഗ്രാറ്റുവിറ്റി രണ്ട് ലക്ഷം രൂപയാക്കുക, സ്വകാര്യ ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി പദ്ധതി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി 12ന് (ബുധന്‍) സിവില്‍ സ്റ്റേഷന് മുന്‍പില്‍ ക്ഷേത്ര ജീവനക്കാരുടെ കൂട്ട സത്യാഗ്രഹസമരം നടത്തും. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ തുടര്‍പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.
സംയുക്തസമര സമിതി ചെയര്‍മാന്‍ രാമകൃഷ്ണഹരി നമ്പൂതിരി, കണ്‍വീനര്‍ വി.വി ശ്രീനിവാസന്‍, ജോ: കണ്‍വീനര്‍ എം.വി ശശി, ട്രഷറര്‍ പി.ശ്രീജിഷ്, വിനോദ് നമ്പീശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.