കിച്ച സുദീപ് ബി.ജെ.പിയിലേക്ക്; പിന്നാലെ ഭീഷണിക്കത്ത്

കിച്ച സുദീപ് ബി.ജെ.പിയിലേക്ക്; പിന്നാലെ ഭീഷണിക്കത്ത്

ബംഗളൂരു: കന്നഡ സിനിമാതാരം കിച്ച സുദീപിന് ഭീഷണിക്കത്ത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഭീഷണിക്കത്ത്. സുദീപിന്റെ വീട്ടിലേക്കാണ് വധഭീഷണിയുമായി അജ്ഞാതന്‍ കത്തയച്ചിരിക്കുന്നത്. കത്ത് പരിശോധിച്ച പുട്ടനെഹള്ളി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ കിച്ച സുദീപ് ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കിച്ച സുദീപിനൊപ്പം കന്നഡ സിനിമയിലെ മറ്റൊരു താരമായ ദര്‍ശന്‍ തുഗുദീപയും പാര്‍ട്ടിയിലേക്ക് എത്തുകയാണെന്നും ഇരുവരും വരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ താരപ്രചാരകര്‍ ആവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബംഗളൂരുവിലെ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് നടന്മാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രചരണത്തിനായി കര്‍ണാടകത്തില്‍ ഒട്ടുമിക്ക പരിപാടികളിലും കിച്ച സുദീപ് പങ്കെടുക്കും. കിച്ച സുദീപിന്റെ വലിയ ആരാധകവൃന്ദത്തിന് തിരഞ്ഞെടുപ്പ് വിജയത്തില്‍ സ്വാധീനമുണ്ടാക്കാനാണ് ബി.ജെ.പിയുടെ നീക്കം.

ഫെബ്രുവരി മാസത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് തലവന്‍ ഡി.കെ ശിവകുമാര്‍ കിച്ച സുദീപിനെ സന്ദര്‍ശിച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ നടന്നത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് കിച്ച സുദീപും ശിവകുമാറുമായി അടുത്ത വൃത്തങ്ങളും പിന്നാലെ സ്ഥിരീകരിച്ചിരുന്നു. മെയ് 10 നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് 13നാണ് വോട്ടെണ്ണല്‍ നടക്കുക. കോണ്‍ഗ്രസും ജെ.ഡി.എസും സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രില്‍ എട്ടിന് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *