കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിയെ മഹാരാഷ്ട്രയില്‍ പിടികൂടിയതായി സ്ഥിരീകരിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഇന്നലെ അര്‍ധരാത്രി രത്‌നഗിരിയില്‍ വച്ചാണ് പ്രതി ഷഹറൂഖ് സെയ്ഫിയെ മുംബൈ എ.ടി.എസ് പിടികൂടിയത്. കേന്ദ്ര ഏജന്‍സികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതി പിടിയിലാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സര്‍ക്കാരിനും പോലിസിനും ആര്‍.പി.എഫിനും എന്‍.ഐ.എക്കും നന്ദി പറയുന്നുവെന്നും മന്ത്രി അറിയിച്ചു.
അതേസമയം ഇന്നലെ പ്രതി രത്‌നഗിരിയില്‍ ഉണ്ടന്ന ഇന്റലിജന്‍സ് വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളില്‍ തിരച്ചില്‍ നടത്തിയത്. സിവില്‍ ആശുപത്രിയില്‍ തലയ്‌ക്കേറ്റ പരുക്കിന് ചികിത്സ തേടുകയായിരുന്നു പ്രതി. പോലിസ് എത്തുന്നതിന് മുന്‍പ് അവിടെ നിന്ന് മുങ്ങിയ ഇയാളെ തുടര്‍ന്ന് രത്‌നഗിരി സ്റ്റേഷനില്‍ നിന്നാണ് പിടികൂടുന്നത്. ഏപ്രില്‍ രണ്ടിന് കോഴിക്കോട് എലത്തൂരില്‍ തീവയ്പ്പ് നടത്തി നാലാം ദിവസമാണ് പ്രതിയെ പോലിസ് പിടികൂടുന്നത്.