തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസില്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ച അന്വേഷണസംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരള പോലിസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്. അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പോലിസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജന്‍സ്, റെയില്‍വേ അടക്കം സഹകരിച്ച മറ്റ് ഏജന്‍സികളെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടന്‍ തന്നെ കുറ്റക്കാരെ കണ്ടെത്തുവാന്‍ സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിക്ക് സമീപം പിടികൂടാന്‍ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പോലിസ് കസ്റ്റഡിയിലായത്. പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണസംഘത്തെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു.’ മുഖ്യമന്ത്രി വ്യക്തമാക്കി.
എലത്തൂര്‍ തീവണ്ടി ആക്രമണ കേസിലെ പ്രതിയെ എത്രയും പെട്ടെന്ന് പ്രതിയെ കേരളത്തിലെത്തിക്കുമെന്നും ഡി.ജി.പി അനില്‍ കാന്ത്. വിഷയത്തില്‍ മഹാരാഷ്ട്ര ഡി.ജി.പിയുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഏജന്‍സികളാണ് പ്രതിയെ കുറിച്ച് മുംബൈ എ.ടി.എസിന് വിവരം നല്‍കിയത്. നേരത്തെ പ്രതി പിടിയിലായെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, പോലിസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.