സുല്‍ത്താന്‍പൂര്‍ : കഴുതകളുടെ പാലില്‍ നിന്ന് നിര്‍മിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് സ്ത്രീകളുടെ ശരീരം എക്കാലത്തും ഭംഗിയുള്ളതാക്കുമെന്ന് ബി. ജെ. പി എം. പി മനേക ഗാന്ധി. ഈജിപ്ഷ്യന്‍ രാജ്ഞിയായിരുന്ന ക്ലിയോപാട്ര എന്നും കുളിച്ചിരുന്നത് കഴുതപ്പാലിലായിരുന്നുവെന്നും നമുക്ക് എന്തുകൊണ്ട് കഴുതപ്പാലില്‍ നിന്നും ആട്ടിന്‍പാലില്‍ നിന്നും സോപ്പ് നിര്‍മിക്കാന്‍ ആരംഭിച്ചുകൂടാ എന്നും മനേക ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കഴുതപ്പാലില്‍ നിന്നും നിര്‍മ്മിക്കുന്ന സോപ്പ് ഒന്നിന് 500 രൂപയാണ് ഡല്‍ഹിയിലെ വില. നിങ്ങള്‍ ഒരു കഴുതയെ കണ്ടിട്ട് എത്ര നാളായെന്ന് ചോദിച്ച മനേക അലക്കുതൊഴിലാളികള്‍ പോലും കഴുതയെ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയിരിക്കുകയാണെന്ന് പറഞ്ഞു. കഴുതകളുടെ എണ്ണം കുറയുകയാണെന്നു മനസ്സിലാക്കിയ ലഡാക്കിലെ ഒരു സമുദായം അവയെ കറവക്കായി ഉപയോഗിക്കുകയും പാലില്‍ നിന്ന് സോപ്പ് നിര്‍മിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഈ സോപ്പ് സ്ത്രീശരീരത്തെ എക്കാലത്തും ഭംഗിയുളളതാക്കി നിലനിര്‍ത്തുമെന്ന് അവര്‍ അവകാശപ്പെട്ടു.
പശുവിന്‍ ചാണകത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന വിറക് ശവസംസ്‌കാരത്തിനും മറ്റും ഉപയോഗിക്കണമെന്ന് അവര്‍ പറഞ്ഞു. മരത്തടികള്‍ക്ക് വില കൂടിയത് കാരണം മരണാനന്തര ചടങ്ങുകള്‍പോലും ആളുകളെ ദാരിദ്ര്യത്തിലേയക്ക് നയിക്കുന്നു. 15,000 മുതല്‍ 20,000 വരെരൂപ മരത്തടികള്‍ക്ക് ചെലവിടുന്നതിനു പകരം പശുവിന്‍ ചാണകത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന വിറക് ഇത്തരം ചടങ്ങുകള്‍ക്ക് ഉപയോഗിച്ചാല്‍ 1,500 മുതല്‍ 2,000 രൂപ വരെയായി ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.