നാദാപുരം: ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്കെതിരേ അതിക്രമണം തടയുന്നതിന് അങ്കണവാടികള്‍ കേന്ദ്രീകരിച്ച് പിങ്ക് ബോക്‌സ് പരാതി പെട്ടികള്‍ നാദാപുരത്ത് സ്ഥാപിക്കുന്നു. 22 വാര്‍ഡുകളിലേയും ഓരോ അങ്കണവാടിയിലാണ് പിങ്ക് ബോക്‌സ് സ്ഥാപിക്കുക. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം കൂടി വരികയും പോക്‌സോ കേസുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയും ചെയ്യുന്ന അവസരത്തിലും ,നാദാപുരത്ത് ഈ അടുത്തായി പോക്‌സോ കേസ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലുമാണ് പിങ്ക് ബോക്‌സ് പരാതി പെട്ടികള്‍ സ്ഥാപിക്കുന്നത്. വനിതകള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പഞ്ചായത്തില്‍ വിമന്‍സ് ഫെസിലിറ്റേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജാഗ്രത സമിതി ശക്തിപ്പെടുത്തി പിങ്ക് ബോക്‌സില്‍ ലഭിക്കുന്ന പരാതികളില്‍ ഉടന്‍ നടപടി ഉണ്ടാകുന്നതാണ്. പഞ്ചായത്ത് പ്രസിഡന്റ് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, വനിതാ അഭിഭാഷക , പോലിസ് എന്നിവരുടെ സാന്നിധ്യത്തില്‍ പരാതിപ്പെട്ടി തുറക്കുകയും തുടര്‍നടപടി ജാഗ്രത സമിതി മുഖേന സ്വീകരിക്കുകയും ചെയ്യുന്നതാണ്. പരാതിപ്പെട്ടികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിര്‍വഹിച്ചു. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 66000 രൂപ ചെലവഴിച്ചാണ് ബോക്‌സുകള്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫിസിലും ബോക്‌സ് സ്ഥാപിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വി.ശാലിനി, മെമ്പര്‍ റീന കണയമ്പ്രക്കല്‍ , വിമന്‍സ് ഫെസിലിറ്റേറ്റര്‍ പ്രിന്‍സിയ ബാനു ബീഗം എന്നിവര്‍ സംസാരിച്ചു.