പാരീസ്: പ്ലേബോയ് മാസികയുടെ മുഖചിത്രമായി ഫ്രഞ്ച് മന്ത്രി മാര്‍ലിന്‍ ഷ്യാപ്പ. ആഗ്രഹിക്കുന്ന കാര്യം സ്വന്തം ശരീരംകൊണ്ടു ചെയ്യാനുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനാണ് പ്ലേബോയിയുടെ മുഖചിത്രമായതെന്ന് 40കാരിയായ ഷ്യാപ്പ പറഞ്ഞു.
എന്നാല്‍ സാമൂഹിക സമ്പദ്ഘടനാ മന്ത്രിയായ ഷ്യാപ്പയുടെ പ്രവര്‍ത്തിയെ അനവസരത്തിലുള്ളത് എന്നാണ് നാട്ടുകാരും സഹപ്രവര്‍ത്തകരും വിമര്‍ശിക്കുന്നത്. രാജ്യത്ത് സമരങ്ങളും പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിലെ അക്രമാസക്തമായ പ്രക്ഷോഭങ്ങളും നടക്കുമ്പോള്‍ ഷ്യാപ്പയുടെ പ്രവര്‍ത്തി അനുചിതമായെന്ന് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ വിമര്‍ശിച്ചു. ഫെമിനിസ്റ്റ് എഴുത്തുകാരിയായ മന്ത്രിയുടെ അനവസരത്തിലുള്ള വിപ്ലവത്തെ വനിതാവകാശ പ്രവര്‍ത്തകയായ എം.പി സന്ദ്രൈന്‍ റൂസോ രുക്ഷമായി വിമര്‍ശിച്ചു.
അതേസമയം,പ്ലേബോയ് അശ്ലീലമാസികയല്ലെന്നും ഏതാനും പേജുകളിലെ നഗ്നചിത്രങ്ങള്‍ ഒഴിച്ചാല്‍ 300 പേജുകളിലായി മൂന്നുമാസത്തിലൊരിയ്ക്കല്‍ ഇറക്കുന്ന പതിപ്പ് ബൗദ്ധികകാര്യങ്ങളും പുത്തന്‍പ്രവണതകളുമാണ് കൈകാര്യം ചെയ്യുന്നതെന്ന് പ്ലേബോയ് പത്രാധിപര്‍ ഴാങ് ക്രിസ്റ്രഫ് ഫ്‌ളോറന്റീന്‍ പറഞ്ഞു. അച്ചടിപ്പതിപ്പ് നിര്‍ത്തിയ പ്ലേബോയ് ഇപ്പോള്‍ ഡിജിറ്റലായാണ് ഇറങ്ങുന്നത്. ഡിസൈനര്‍ വസ്ത്രമണിഞ്ഞ് മുഖചിത്രമായതിനു പുറമേ സ്ത്രീകളുടെയും സ്വവര്‍ഗാനുകൂലികളുടേയും അവകാശത്തെക്കുറിച്ച് 12 പേജുള്ള അഭിമുഖവും മാര്‍ലിന്‍ ഷ്യാപ്പയുടേതായി പ്ലേബോയിയില്‍ മന്ത്രി നല്‍കിയിട്ടുണ്ട്.