എല്ലാ കമ്പാര്‍ട്ട്‌മെന്റുകളിലും സി.സി ടി.വി, ഫയര്‍ എക്‌സ്റ്റിന്‍ഗ്യുഷര്‍ സ്ഥാപിക്കണം
കോഴിക്കോട്: ട്രെയിനുകളില്‍ വര്‍ധിക്കുന്ന അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ വന്ദേഭാരത് ട്രെയിനിലെ മാതൃകയില്‍ തീവണ്ടി ബോഗികള്‍ക്കുള്ളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നതടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ നടപ്പാക്കണമെന്ന് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എ.സി കോച്ചുകളിലെ മാതൃകയില്‍ നോണ്‍ എസി കോച്ചുകളിലും ഫയര്‍ എക്‌സ്റ്റിന്‍ഗ്യുഷറുകള്‍ സ്ഥാപിക്കണമെന്നും അസോസിയേഷന്‍ ദേശീയ ചെയര്‍മാന്‍ ഡോക്ടര്‍ എ.വി അനൂപ്, വര്‍ക്കിംഗ് ചെയര്‍മാന്‍ ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി, കണ്‍വീനര്‍ സണ്‍ഷൈന്‍െഷാര്‍ണൂര്‍ എന്നിവര്‍ അധികൃതരോട് അഭ്യര്‍ഥിച്ചു.
ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം അക്രമി യാത്രക്കാരെ തീ കൊളുത്തിയ സംഭവം ദാരുണമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ മാസം ആറിന് അസോസിയേഷന്‍ദേശീയ എക്‌സിക്യൂട്ടീവ് യോഗം കോഴിക്കോട് നടക്കും. തീവണ്ടിയാത്ര സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ തീപിടിത്തത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സമഗ്ര സുരക്ഷ ഓഡിറ്റിംഗ് നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
കൊവിഡിന്റെ പേരില്‍ വര്‍ധിപ്പിച്ച നിരക്കുകള്‍ കുറയ്ക്കുന്നതിനും കൂടുതല്‍ യാത്ര സൗകര്യത്തിനും നിര്‍ത്തലാക്കിയ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും ഇടപെടലുണ്ടാകണം. തിരക്കിനനുസരിച്ച് കൂടുതല്‍ തീവണ്ടികളും തിരക്കുള്ള വണ്ടികളില്‍ കൂടുതല്‍ കമ്പാര്‍ട്ട്‌മെന്റുകളും ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി, പാസഞ്ചര്‍ അമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍, സോണല്‍ ഡിവിഷണല്‍ മാനേജര്‍മാര്‍, ആര്‍.പി.എഫ്, ജി. ആര്‍.പി മേധാവികള്‍, കേരള മുഖ്യമന്ത്രി, റെയില്‍വേ ചുമതല വഹിക്കുന്ന കായിക മന്ത്രി, ഗതാഗത മന്ത്രി എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ച് ചര്‍ച്ച നടത്തുമെന്ന് അവര്‍ അറിയിച്ചു.
രാത്രികാലങ്ങളില്‍ നൈറ്റ് പട്രോളിങ്ങും ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെ ടിക്കറ്റ് പരിശോധനയും വേണം. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സിസി ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തനരഹിതമായ ക്യാമറകള്‍ മാറ്റി സ്ഥാപിക്കണം. തീവണ്ടികളില്‍ തീപിടിത്തവും മറ്റ് അപകടങ്ങളും സംഭവിക്കുമ്പോള്‍ യാത്രക്കാര്‍ തീവണ്ടികളില്‍ നിന്ന് ചാടുന്നതും സ്റ്റേഷനുകളില്‍ നിന്ന് ട്രെയിന്‍ നീങ്ങുന്ന വേളയില്‍ ചാടിക്കയറുന്നതും നില്‍ക്കുന്നതിനു മുമ്പ് ഇറങ്ങുന്നതും കൂടുതല്‍ ദുരന്തങ്ങള്‍ക്ക് ഇടവരുത്തും. ബജറ്റ് നിര്‍ദേശങ്ങളെ തുടര്‍ന്ന് കേരളത്തിലെ ഇന്ധന വില വര്‍ധിച്ചത് മൂലം മാഹിയില്‍ സ്റ്റോപ്പുള്ള തീവണ്ടികളിലെത്തുന്ന യാത്രക്കാര്‍ പെട്രോളും ഡീസലും കടത്തുന്ന പ്രവണത വര്‍ധിക്കാനിടയുണ്ട്. ഇത് അപകടം ക്ഷണിച്ചു വരുത്തും. ഇക്കാര്യത്തിന്‍ കര്‍ശന പരിശോധന സ്റ്റേഷനില്‍ നടത്തണം.
തീവണ്ടികളില്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങള്‍ സ്‌കൂള്‍ തലങ്ങളില്‍ തന്നെ സിലബസില്‍ ഉള്‍പ്പെടുത്തി ബോധവല്‍ക്കരിക്കണം. ആര്‍.പി.എഫ്, ജി.ആര്‍.പി, ടി.ടി.ഇ ഉള്‍പ്പെടെയുള്ളഒഴിവുകള്‍ നികത്തണം. വരുമാനം വര്‍ധിപ്പിക്കാന്‍ റെയില്‍വേ കാണിക്കുന്ന ശുഷ്‌കാന്തിയ്‌ക്കൊപ്പം തന്നെ, യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മുന്‍ഗണന കൊടുക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.