കോഴിക്കോട്: സൗഹാര്‍ദത്തിന്റേയും സമഭാവനയുടേയും നാടായ കോഴിക്കോട് ശാന്തിഗിരിയുടെ ആത്മീയസൗധം ‘വിശ്വജ്ഞാനമന്ദിരം’ 10ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കക്കോടി ആനാവ്കുന്നിലാണ് ‘വിശ്വജ്ഞാനമന്ദിരം’ സ്ഥിതി ചെയ്യുന്നത്. ഒമ്പതിന് ഞായര്‍ രാവിലെ ഒമ്പത് മണിക്ക് ആയിരക്കണക്കിന് ഗുരുഭക്തരെ സാക്ഷിയാക്കി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി വിശ്വജ്ഞാനമന്ദിരത്തിന് തിരിതെളിയിക്കും. മന്ദിരത്തിന്റെ മധ്യഭാഗത്തായുളള മണ്ഡപത്തില്‍ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ എണ്ണച്ഛായചിത്രം പ്രതിഷ്ഠിക്കും. പ്രാര്‍ഥനാചടങ്ങുകള്‍ക്ക് ശേഷം 10ന് തിങ്കള്‍ രാവിലെ 10.30 മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശ്വജ്ഞാനമന്ദിരം നാടിന് സമര്‍പ്പിക്കും.
ജാതിമതഭേദമേന്യേ ആര്‍ക്കും സന്ദര്‍ശിക്കാമെന്നതാണ് വിശ്വജ്ഞാനമന്ദിരത്തിന്റെ പ്രധാന പ്രത്യേകത. 8, 9, 10 തീയതികളില്‍ നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, എം.കെ രാഘവന്‍ എം. പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, എം.എല്‍.എ.മാരായ എം.കെ മുനീര്‍, ടി.സിദ്ദിഖ്, തോട്ടത്തില്‍ രവീന്ദ്രന്‍ , പി.ടി.എ. റഹീം, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ശിഹാബ് തങ്ങള്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, മാതൃഭൂമി ചെയര്‍മാന്‍ പി.വി ചന്ദ്രന്‍, മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍, ജമാഅത്ത് ഇസ്ലാമി അമീര്‍ എം.ഐ അബ്ദുള്‍ അസീസ്, സമസ്ത നാഷണല്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ മെമ്പര്‍ ഇ.പി.കെ മൊയീന്‍കുട്ടി മാസ്റ്റര്‍, ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സി.പി.എം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, സ്വാമി വിവേകാമൃതാനന്ദപുരി (മാതാ അമൃതാനന്ദമയി മഠം), പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി, ഡി.സി.സി ജില്ലാ പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, ഭാരതീയ ജനതാപാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെസജീവന്‍, ജമാ അത്ത് ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി.മുജീബ് റഹ്‌മാന്‍, മലയാള മനോരമ ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ, ആര്‍ക്കിയോളജി വിഭാഗം റിട്ട. റീജിയണല്‍ ഡയരക്ടര്‍ പത്മശ്രീ കെ.കെ.മുഹമ്മദ്, ബ്രഹ്‌മകുമാരീസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജയോഗിനി ജലജ, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത.ടി, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ.പി, കക്കോടി ഗ്രാമപഞ്ചായത്തംഗങ്ങളായ മോഹനന്‍ കൈതമോളി, അജിത. എന്‍, ഗിരീഷ് കുമാര്‍. ഇ.എം, എന്‍. ഉപശ്ലോകന്‍, കുരുവട്ടുര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ സോമനാഥന്‍ യു.പി, ഷിനു.കെ.പി, നിഷ പിലാക്കാട്ട്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി. ശോഭീന്ദ്രന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക ആധ്യാത്മിക കലാ- സംസ്‌കാരിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
14000 ചതുരശ്ര അടി വിസ്തൃതിയിലും 72 അടി ഉയരത്തിലും മൂന്നു നിലകളിലായി തലയെടുപ്പോടെ നില്‍ക്കുന്ന ആത്മീയസൗധം, ഓരോ നിലയിലും 12 വീതം 36 ഇതളുകളുളള പൂര്‍ണമായി വിടര്‍ന്ന താമരശില്‍പം, അകത്തളത്തില്‍ ശില്‍പചാതുരിയുടെ വിസ്മയം തീര്‍ക്കുന്ന 34 തൂണുകള്‍, താഴത്തെ നിലയില്‍ മധ്യഭാഗത്തായി 21 അടി ചുറ്റളവില്‍ മണ്ഡപം, അതിനോട് ചേര്‍ന്ന് ചിത്രപ്പണികള്‍ നിറഞ്ഞ ബാലാലയം, രാജസ്ഥാനില്‍ നിന്നുളള മക്രാന മാര്‍ബിളാണ് നിലത്ത് വിരിച്ചിട്ടുളളത്. മുകളിലത്തെ നിലകളില്‍ ഗുരു ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്ന മ്യൂസിയം. ആലപ്പുഴ സ്വദേശി വിക്ടര്‍ പൈലിയാണ് കോണ്‍സെപ്റ്റ് ഡിസൈനിംഗ് നിര്‍വഹിച്ചത്. ലൈറ്റിംഗ് ഡിസൈന്‍ പ്രശസ്ത ഛായാഗ്രാഹകന്‍ എസ്. കുമാറിന്റേതാണ്. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പ്രശസ്ത സംവിധായകനും ശില്‍പ്പിയുമായ രാജീവ് അഞ്ചലിന്റെ മേല്‍നോട്ടവുമുണ്ട്. ഗുരുവിന്റെ എണ്ണച്ഛായചിത്രം വരച്ചിരിക്കുന്നത് പ്രശസ്ത ചിത്രകാരന്‍ ജോസഫ് റോക്കി പാലക്കലാണ്.
കുന്നിന്‍ മുകളിലെ മന്ദിരവും ചുറ്റുമുളള പ്രകൃതിരമണീയതയും വര്‍ണ്ണനാതീതമായ ആകാശകാഴ്ചകളും വരും ദിവസങ്ങളില്‍ കോഴിക്കോടിന്റെ മനസ്സില്‍ ഇടംപിടിക്കും. മൊട്ടക്കുന്നായിരുന്ന ആനാവ്കുന്നുമലയില്‍ 1995 ഡിസംബറിലാണ് ഗുരുനിര്‍ദേശപ്രകാരം ഭക്തര്‍ പതിമൂന്നര ഏക്കര്‍ സ്ഥലം ആശ്രമത്തിനായി വാങ്ങുന്നത്. തട്ടുകളായി തിരിച്ച ഭൂമിയില്‍ ആദ്യഘട്ടത്തില്‍ വൃക്ഷലതാദികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു. 2005ല്‍ ശിഷ്യപൂജിതയുടെ സന്ദര്‍ശനവേളയില്‍ ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ ദീപം തെളിയിച്ചതോടെയാണ് ബ്രാഞ്ചാശ്രമം എന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2014 ജനുവരി അഞ്ചിന് തീര്‍ത്ഥയാത്രവേളയില്‍ ശിഷ്യപൂജിത പ്രാര്‍ത്ഥനാലയത്തിന് ശിലപാകി. ചെങ്കുത്തായ കുന്നിന്‍പ്രദേശത്ത് നിര്‍മാണം അത്ര എളുപ്പമായിരുന്നില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുളള ഗുരുഭക്തരുടെ കൈയ്യും മെയ്യും മറന്ന ആത്മസമര്‍പ്പണത്തിന്റെ നിറവിലാണ് വിശ്വജ്ഞാനമന്ദിരം നാടിന് സമര്‍പ്പിക്കപ്പെടുന്നത്.
സമര്‍പ്പണം ആഘോഷങ്ങള്‍ എല്ലാതരത്തിലും നാടിന്റെ ഉത്സവമാകുകയാണ്. കോഴിക്കോടിന്റെ കടലോരത്ത് സംഗീത വിരുന്നോടെയായിരുന്നു ആഘോഷപരിപാടികള്‍ക്ക് തുടക്കം. ഏപ്രില്‍ ആറിന് ഫ്രീഡം സ്‌ക്വയറില്‍ ലോകത്തിലെ ഏറ്റവും വലിയ മണ്‍ചിത്രമൊരുങ്ങും. ചിത്രകലാകാരന്‍മാരുടെ സംഘടനയായ ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡിന്റെ നേതൃത്വത്തിലാണ് മണ്ണിന്‍ വര്‍ണ്ണവസന്തമെന്ന കലാസപര്യ അരങ്ങേറുന്നത്. കലാസംസ്‌കാരിക മേഖലയിലെ ആഘോഷങ്ങള്‍ക്ക് പുറമെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നഗരം വേദിയാകും. എട്ടിന് കാരുണ്യം ആരോഗ്യപദ്ധതിയുടെ ഭാഗമായി വിവിധ ചികിത്സാവിഭാഗങ്ങളിലെ പ്രമുഖസ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് കക്കോടി പടിഞ്ഞാറ്റുമുറി ഗവ. യു.പി സ്‌കൂളില്‍ സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് നടക്കും.
വിശ്വജ്ഞാനമന്ദിരം സമര്‍പ്പണം ചടങ്ങുകള്‍ക്കായി ഏഴിന് കക്കോടിയില്‍ എത്തുന്ന ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ സന്യാസിമാരും നാട്ടുകാരും ഗുരുഭക്തരും ചേര്‍ന്ന് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ ആന്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മേധാവി സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാന തപസ്വി, ഓണററി എഡിറ്റര്‍ ടി. ശശിമോഹന്‍, ആശ്രമം അഡൈ്വസര്‍ (ഓപ്പറേഷന്‍സ്) എം. രാധാകൃഷ്ണന്‍, സാംസ്‌കാരിക വിഭാഗം ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ പി.എം ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.