തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ഡ്യൂട്ടിക്കിടെ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ ഉത്തരവ് കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരുടെ സ്ഥലമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. വൈക്കത്ത് നിന്ന് പാലായിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ട്രാന്‍സ്ഫര്‍ സംബന്ധിച്ച കാര്യം പരിശോധിക്കാന്‍ സി.എം.ഡിയോട് ആവശ്യപ്പെട്ടിരുന്നു.
അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനേയും കോര്‍പ്പറേഷനേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലംമാറ്റ ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍, അവര്‍ ധരിച്ചിരുന്ന ബാഡ്ജില്‍ തെറ്റായ വസ്തുതയാണ് കാണിച്ചത്. അഞ്ചാം തിയ്യതി കൊടുക്കേണ്ട ശമ്പളം 12ാം ദിവസം ആണ് കൊടുത്തത്. ആറ് ദിവസം ശമ്പളം മുടങ്ങിയത് 41 ദിവസമെന്ന് അഖില തെറ്റായി കാണിച്ചെന്നും മന്ത്രി പറഞ്ഞു. ജനുവരി 11-ാം തീയതി അഖില നടത്തിയ പ്രതിഷേധത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു പ്രതിഷേധം.
സ്ഥലംമാറ്റ ഉത്തരവില്‍ പറഞ്ഞത് ഇങ്ങനെ: ”11.01.2023ന് വൈക്കം ഡിപ്പോയിലെ 08.30 കലക്ടറേറ്റ് സര്‍വീസ് പോയ കണ്ടക്ടര്‍ അഖില എസ് നായര്‍ ഒരു ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം നിലയില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും എതിരെ പ്രതിഷേധിച്ച് ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി നിര്‍വഹിക്കുകയും ആയത് നവമാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെടുകയും, അതിലൂടെ സര്‍ക്കാരിനെയും കോര്‍പ്പറേഷനെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് ഇടവരികയും ചെയ്തു. പ്രവൃത്തിയിലൂടെ അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടു. മേല്‍ക്കാരണങ്ങളാല്‍ അഖില നായരെ ഭരണപരമായ സൗകര്യാര്‍ത്ഥം പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റി കൊണ്ട് ഉത്തരവിടുന്നു.”