രാഹുലിന്റേത് നാടകം : കേന്ദ്രമന്ത്രി കിരണ്‍ റിജിജു

രാഹുലിന്റേത് നാടകം : കേന്ദ്രമന്ത്രി കിരണ്‍ റിജിജു

ന്യൂഡല്‍ഹി : അപകീര്‍ത്തിക്കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷയ്‌ക്കെതിരേ രാഹുല്‍ ഗാന്ധി അപ്പീല്‍ പോകുന്നതിനെ പരിഹസിച്ച് ബി.ജെ.പി നേതാക്കള്‍. കുറ്റവാളികള്‍ സാധാരണ അപ്പീല്‍ നല്‍കാന്‍ സ്വയം കോടതിയില്‍ പോകാറില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. രാഹുലിന്റെത് നാടകമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ആദ്യം പിന്നാക്കക്കാരോട് മാപ്പ് പറയണമെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സെഷന്‍സ് കോടതിയിലേക്ക് നീങ്ങുന്നത്. ഉച്ചതിരിഞ്ഞ് സൂററ്റ് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായാണ് അദ്ദേഹം അപ്പില്‍ നല്‍കുന്നത്.

മനു അഭിഷേക് സ്വിംഗ്വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് അടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീല്‍ തയ്യാറാക്കിയത്. ഗുജറാത്തിലെ കോടതികളില്‍ നിന്ന് നീതി കിട്ടുമോയെന്നതില്‍ സംശയമുള്ളതിനാല്‍ സുപ്രീംകോടതി വരെ നിയമപോരാട്ടം നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നീക്കം. പരാതിക്കാരനനുകൂലമായി ഗുജറാത്ത് ഹൈക്കോടതി നേരത്തെ സി.ജെ.എം കോടതി നടപടികളില്‍ ഇടപെട്ടത് പാര്‍ട്ടിയുടെ സംശയം ബലപ്പെടുത്തുന്നുണ്ട്

കുറ്റവും, ശിക്ഷയും കോടതി സ്റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയും നീങ്ങും. എന്നാല്‍ പാറ്റ്‌ന, ഹരിദ്വാറടക്കം മറ്റ് കോടതികളിലും മാനനഷ്ടക്കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കോലാര്‍ പ്രസംഗത്തില്‍ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ 23നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വര്‍ഷം തടവും, പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശം നല്‍കി. കോടതി വിധിക്ക് പിന്നാലെ രാഹുലിന്റെ ലോക് സഭാംഗത്വവും റദ്ദായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *