രാജകീയമായി തുടങ്ങി ബാംഗ്ലൂര്‍

രാജകീയമായി തുടങ്ങി ബാംഗ്ലൂര്‍

മുംബൈക്കെതിരേ എട്ട് വിക്കറ്റ് വിജയം. കോലിക്കും ഡുപ്ലെസിക്കും അര്‍ധ സെഞ്ചുറി

 

ബംഗളൂരു: തുടര്‍ച്ചയായ 11ാമത് സീസണിലും മുംബൈ ഇന്ത്യന്‍സ് തോല്‍വിയോടെ തന്നെ തുടങ്ങി. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ മുംബൈക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. തിലക് വര്‍മയുടെ ഒറ്റയാള്‍ പ്രകടനം ഒഴിച്ചാല്‍ ഓര്‍ത്തുവയ്ക്കാന്‍ ഒന്നുമില്ലാതെയാണ് അവരുടെ ആദ്യമത്സരം കഴിഞ്ഞത്. മറുഭാഗത്ത് കോലിയുടേയും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടേയും ഉജ്ജ്വല കൂട്ടുക്കെട്ടിലൂടെ ബംഗ്ലൂര്‍ അര്‍ഹിച്ച വിജയം നേടിയെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ മുന്‍നിര കൂട്ടത്തോടെ കളം വിടുന്ന കാഴ്ചക്കാണ് ഗാലറി സാക്ഷ്യം വഹിച്ചത്. മോശം ഫോമിലുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മ വീണ്ടും നിരാശപ്പെടുത്തി 10 പന്തില്‍ ഒരു റണ്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

ഇഷാന്‍ കിഷന്‍-10, കാമറോണ്‍ ഗ്രീന്‍-5, സൂര്യകുമാര്‍ യാദവ്-15, നെഹല്‍ വധീര-21, ടിം ഡേവിഡ്-4, ഹൃത്വിക്ക് ഷോക്കീന്‍-5, അര്‍ഷദ്ഖാന്‍-15* ഇങ്ങനെ പോകുന്ന മുംബൈ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍നില. ഒരുഘട്ടത്തില്‍ 48ന് നാല് എന്ന പരിതാപകരമായ അവസ്ഥയില്‍ നിന്നും ഏഴിന് 171 എന്ന പൊരുതാവുന്ന സ്‌കോറില്‍ മുംബൈയെ എത്തിച്ചത് പുറത്താകാതെ 84 (46) റണ്‍സ് നേടിയ തിലക് വര്‍മയുടെ പോരാട്ടമാണ്. മറുഭാഗത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും തിലക് ഉറച്ചുനിന്നു. ഒമ്പത് ഫോറുകളും നാല് സിക്‌സും തിലകിന്റെ ഇന്നിങ്‌സിന് അകമ്പടിയേകി. ബാംഗ്ലൂരിനായി കരണ്‍ശര്‍മ രണ്ട് വിക്കറ്റുകളും മുഹമ്മദ് സിറാജ്, റീസേ ടോപ്ലീ, ആകാശ് ദീപ്, ഹര്‍ഷല്‍ പട്ടേല്‍, മൈക്കല്‍ ബ്ലേസ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.

മറുപടി ബാറ്റിങ്ങില്‍ കോലിയും ഡുപ്ലെസിയും ഗംഭീര തുടക്കമാണ് ബാംഗ്ലൂരിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 148 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്. 43 പന്തില്‍ 73 റണ്‍സുമായി ഡുപ്ലെസി മടങ്ങുമ്പോള്‍ ബാംഗ്ലൂര്‍ വിജയം ഉറപ്പിച്ചിരുന്നു. തുടര്‍ന്നു വന്ന ദിനേശ് കാര്‍ത്തിക് റണ്‍സൊന്നുമെടുക്കാതെ മടങ്ങിയെങ്കിലും 12 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്‍ കോലിക്ക് മികച്ച പിന്തുണ നല്‍കിയതോടെ ബാംഗ്ലൂര്‍ 16.2 ഓവറില്‍ ലക്ഷ്യം മറികടന്നു. കോലി പുറത്താകാതെ 82 റണ്‍സ് നേടി. 48 പന്ത് നേരിട്ട കോലി ആറ് ഫോറും അഞ്ച് സിക്‌സും നേടി. ഫാഫ് ഡുപ്ലെസിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. മുംബൈക്ക് വേണ്ടി അര്‍ഷാദ് ഖാനും ഹൃത്വിക്ക് ഷോക്കീനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

 

Share

Leave a Reply

Your email address will not be published. Required fields are marked *