നാദാപുരം: മാലിന്യം അലക്ഷ്യമായി കൈയ്യൊഴിയുകയും സ്ഥാപനങ്ങളുടെ ചുറ്റുവട്ടത്ത് അജാഗ്രതയോടെ സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞദിവസം കല്ലാച്ചി ടൗണില്‍ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നൂറു കണക്കിന് ഉപയോഗശൂന്യമായ പേപ്പര്‍ കപ്പുകളില്‍ വെള്ളം നിറഞ്ഞ് കൊതുക് വളരുന്ന സാധ്യതയുള്ളതിനാല്‍ ഉടമയെ അറിയിച്ച് മുഴുവന്‍ കപ്പുകളും നീക്കം ചെയ്യിച്ചു. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവരുടെ സ്‌ക്വാഡ് പരിശോധനയിലാണ് വലിച്ചെറിഞ്ഞ മാലിന്യം കണ്ടെത്തിയത്. കട നവീകരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അജൈവമാലിന്യം ഉടന്‍തന്നെ ഉടമസ്ഥര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നീക്കം ചെയ്യണം, അല്ലെങ്കില്‍ നിയമ പ്രകാരമുള്ള പിഴ, പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടാതെ ജില്ലാതല എന്‍ഫോഴ്‌സ് മെന്റ് സ്‌ക്വാഡ് പരിശോധന നാദാപുരം പഞ്ചായത്തില്‍ തുടര്‍ ദിവസങ്ങളില്‍ ഉള്ളതിനാല്‍ കെട്ടി കിടക്കുന്ന മാലിന്യം കണ്ടാല്‍ നടപടി ഉണ്ടാകുന്നതാണ്