ചെന്നൈ: പ്രവാസി ബന്ധു ഡോ.എസ് അഹമ്മദിനെ തമിഴ്‌നാട് പ്രവാസികാര്യ മന്ത്രി കെ.എസ് മസ്താന്‍ അനുമോദിച്ചു. ചെന്നൈ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസിലെത്തിയ അഹമ്മദിനെ മന്ത്രി പൊന്നാടയണിയിച്ചു. മൂന്നര പതിറ്റാണ്ടോളം വിദേശങ്ങളില്‍ അധിവസിക്കുന്ന ഭാരതീയര്‍ക്ക് വേണ്ടി കഠിനമായി യത്‌നിച്ചു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി ഡിപ്പാര്‍ട്ടുമെന്റുകള്‍ സ്ഥാപിച്ചെടുത്ത പ്രവാസി ബന്ധു അഹമ്മദിന്റെ സേവനങ്ങള്‍ വിലമതിക്കപ്പെടുന്ന കര്‍മ പഥങ്ങളാണെന്ന് മന്ത്രി കെ.വി മസ്താന്‍ അഭിപ്രായപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി, നോര്‍ക്കാ വകുപ്പ് തമിഴ്‌നാട് സര്‍ക്കാരിന് കീഴില്‍ നടപ്പിലാക്കിയതിന്റെ പിന്നില്‍ അഹമ്മദിന്റെ പ്രേരക ശക്തി വിസ്മരിക്കാന്‍ കഴിയില്ല. മുഖ്യമന്തിയുമായിട്ടുള്ള അദ്ദേഹത്തിന്റെ സൗഹൃദം സഹായകരമായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചെന്നൈ നോര്‍ത്ത് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ മനോജ് കുമാര്‍, പ്രസീന, എന്‍.ആര്‍.ഐ കൗണ്‍സില്‍ ഭാരവാഹികളായ എം. സുധീര്‍, സാദിഖ് അലി, അരുണ്‍ ദാസ് ചെന്നൈ എന്നിവരും മന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.