ട്രിപ്പിള്‍ സ്‌ട്രോങ്ങോടെ റോയല്‍സ്

ട്രിപ്പിള്‍ സ്‌ട്രോങ്ങോടെ റോയല്‍സ്

ആദ്യമത്സരത്തില്‍ ഹൈദരാബാദിനെ 72 രണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്

ഹൈദരാബാദ്: ഹോംഗ്രൗണ്ടില്‍ ടോസ് നേടിയതൊഴിച്ചാല്‍ മറ്റൊന്നും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അനുകുലമായി സംഭവിക്കാത്ത മത്സരത്തില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് 72 റണ്‍സിന്റെ അത്യുജ്ജ്വല വിജയം. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ഭുവനേശ്വര്‍കുമാറിന്റെ തീരുമാനം തെറ്റെന്ന് തെളിയിക്കാന്‍ പവര്‍പ്ലേ ഓവര്‍ മാത്രമേ വേണ്ടിവന്നുള്ളൂ. കഴിഞ്ഞ സീസണില്‍ എവിടെ അവസാനിച്ചോ അവിടെനിന്ന് തുടങ്ങിയ ബട്‌ലറും കൂട്ടിന് യശസ്വി ജയ്‌സ്വാളും ആക്രമണം അഴിച്ചു വിട്ടപ്പോള്‍ അടിക്കൊള്ളാത്ത ഒരു ബൗളര്‍ബോലും എസ്.ആര്‍.എച്ച് നിരയിലുണ്ടായില്ല. ആദ്യ ആറ് ഓവറുകളില്‍ നാല് ബൗളര്‍മാരെയാണ് എസ്.ആര്‍.എച്ച് പരീക്ഷിച്ചത്. ആദ്യ ആറ് ഓവറില്‍ രാജസ്ഥാന്‍ നേടിയത് 85 റണ്‍സാണ്. 22 പന്തില്‍ 54 റണ്‍സെടുത്ത ജോസ് ബട്‌ലറെ ഫാറൂഖി ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയെങ്കിലും തുടര്‍ന്നുവന്ന ക്യാപ്റ്റന്‍ സഞ്ജുവും ജയ്‌സ്വാളും കളി മുന്നോട്ടു കൊണ്ടു പോയി. 37 പന്തില്‍ 54 റണ്‍സുമായി ജയ്‌സ്വാളും 32 പന്തില്‍ 55 റണ്‍സുമായി സഞ്ജുവും പിന്നീട് മടങ്ങിയെങ്കിലും ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (22) അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്തിയതോടെ രാജസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനായി. ഈ സീസണില്‍ ആദ്യമായാണ് ഒരു ടീം 200ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്. ഹൈദരാബാദിനായി ഫാറൂഖിയും നടരാജനും രണ്ട് വിക്കറ്റുകള്‍ വീതവും ഉമ്രാന്‍ മാലിക് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ എസ്.ആര്‍.എച്ചിനെ തുടക്കത്തില്‍ തന്നെ ട്രെന്റ് ബോള്‍ട്ട് പ്രഹരമേല്‍പ്പിച്ചു. അക്കൗണ്ട് തുറക്കും മുന്നേ അഭിഷേക് ശര്‍മ്മയേയും രാഹുല്‍ ത്രിപാഠിയേയും ബോള്‍ട്ട് പവലിയനിലേക്കി മടക്കി. മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക്, ഭുവനേശ്വര്‍ കുമാര്‍, ആദില്‍ റാഷിദിന്റേയും ഉള്‍പ്പെടെ നാല് വിക്കറ്റുകള്‍ നേടി യുസ്‌വേന്ദ്ര ചഹല്‍ കളം വാണപ്പോള്‍ സണ്‍റൈസേഴ്‌സ് ബാറ്റിങ് നിരയില്‍ ചുവടുറപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ അബ്ദുള്‍ സമദ് (32) ആണ് അവരുടെ ടോപ്‌സ്‌കോറര്‍. അശ്വിനും ജേസണ്‍ ഹോള്‍ഡറും ഓരോ വിക്കറ്റ് നേടിയ മത്സരത്തില്‍ എസ്.ആര്‍.എച്ചിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജോസ് ബട്‌ലറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

Share

Leave a Reply

Your email address will not be published. Required fields are marked *