ഭോപാല്‍: നമീബിയയില്‍ നിന്ന് എത്തിച്ച് കുനോ ദേശീയ പാര്‍ക്കില്‍ സംരക്ഷിച്ചുവരുന്ന ചീറ്റപ്പുലികളില്‍ ഒന്ന് ഗ്രാമത്തിലേയ്ക്ക് കടന്ന് പരിഭ്രാന്തി പരത്തുന്നു. ഒബാന്‍ എന്ന ചീറ്റപ്പുലിയാണ് കുനോ ദേശീയ പാര്‍ക്കിന് ഇരുപത് കിലോമീറ്റര്‍ അകലെയുള്ള വിജയ്പൂര്‍ ഗ്രാമത്തിലേയ്ക്ക് കടന്നത്. ഒബാനെ പിടികൂടാന്‍ പ്രത്യേക നിരീക്ഷണസംഘം ഝര്‍ ബറോഡ ഗ്രാമത്തിലെത്തിയതായി ജില്ലാ വനംവകുപ്പ് അറിയിച്ചു.
1952 ലാണ് രാജ്യത്ത് ചീറ്റപുലികള്‍ക്ക് വംശനാശം വന്നതായി പ്രഖ്യാപിച്ചത്. 70 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ചീറ്റകള്‍ എത്തിയത്. നമീബിയയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമാണ് ഇന്ത്യയിലേക്ക് 2 0 ഓളം ചീറ്റപ്പുലികളെ കൊണ്ടുവന്നത്. നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളേയും സൗദി അറേബ്യയില്‍ നിന്ന് 12 ചീറ്റകളേയുമാണ് കൊണ്ടുവന്നത്. ഒരു മാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്റീന് ശേഷമാണ് ചീറ്റകളെ തുറന്നുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് ഇവയെ കുനോ ദേശീയ പാര്‍ക്കിലെത്തിച്ച് തുറന്നുവിട്ടത്.
ഓരോ ചീറ്റയെ നീരീക്ഷിക്കാന്‍ പ്രത്യേക സംഘത്തേയും നിയോഗിച്ചിരുന്നു. നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റകളില്‍ അഞ്ച് പെണ്ണും മൂന്ന് ആണ്‍ ചീറ്റകളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ സാഷ എന്ന ചീറ്റപ്പുലി കഴിഞ്ഞ ദിവസം ചത്തിരുന്നു. മാനസിക സമ്മര്‍ദ്ദമാണ് മരണ കാരണമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് നമീബിയന്‍ ചീറ്റയായ സിയായ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. മറ്റൊരു ചീറ്റയായ ആശയുടെ ഗര്‍ഭം അലസിയതും വാര്‍ത്തയായിരുന്നു.