- ട്രാക്കില്‍ 3 മൃതദേഹങ്ങള്‍
- സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു
കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി എലത്തൂര്‍ സ്‌റ്റേഷനില്‍ വച്ച് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലുണ്ടായ ആക്രമത്തില്‍ ഒന്‍പത് പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്, ട്രാക്കില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ ലഭിക്കുകയും ചെയ്തു. അതേസമയം, ട്രെയിനില്‍ അക്രമം നടത്തിയ അക്രമിയെ കുറിച്ച് നിര്‍ണയാക വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍. അക്രമത്തെ സംബന്ധിച്ചുള്ള നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കിലേക്ക് കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നേരത്തെ ഇയാളെ കാത്ത് ബൈക്കിവിടെയുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലിസ് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പോലിസറിയിച്ചു.
രാത്രി 9.30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടിവില്‍ സംഭവങ്ങളുടെ തുടക്കം. മുന്നോട്ട് നീങ്ങിയ ട്രെയിനിലെ ഡി2 കോച്ചില്‍ നിന്ന് ഡി 1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി എത്തിയ അക്രമി തിരക്ക് കോച്ചിലെ എല്ലാവരുടേയും ദേഹത്തേക്ക് പെട്രോള്‍ ചീറ്റിച്ചു പൊടുന്നനെ തീയിട്ടു. തീ ഉയര്‍ന്നപ്പോള്‍ നിലവിളച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡി-വണ്‍ കോച്ച് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. അക്രമി അപ്പോഴേക്കും ഓടി മറഞ്ഞു. സംഭവത്തില്‍ പതിനഞ്ചോളം പേരുടെ ശരീരത്തിലേക്ക് തീ പടര്‍ന്നെങ്കിലും 9 പേര്‍ക്കാണ് സാരമായി പൊള്ളലേറ്റത്. ഇവരില്‍ 4 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഗുരുതരമായി പരുക്കേറ്റ അനില്‍കുമാറിന് 50 % പൊള്ളലുണ്ട്. പരിഭ്രാന്തരായ യാത്രക്കാര്‍, ട്രെയിനിന്റെ പിന്‍ഭാഗത്തേക്ക് ഓടി നിര്‍ത്തിയ ട്രെയിന്‍ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിര്‍ത്തിയാണ് ആമ്പുലന്‍സുകളിലേക്ക് പൊള്ളലേറ്റവരെ മാറ്റിയത്.
ചുവന്ന ഷര്‍ട്ടും,തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്‌സാക്ഷി പോലിസിന് മൊഴി നല്‍കിയിരുന്നു. അതിനിടെ, എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപം ട്രാക്കില്‍ അക്രമിയുടെ ബാഗ് കണ്ടെത്തി. ബാഗില്‍ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈല്‍ ഫോണും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിയോടെ റെയില്‍വേ ട്രാക്കിന് സമീപം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തയും ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നു. ട്രെയിനില്‍ യാത്രചെയ്ത പാപ്പിനശ്ശേരി സ്വദേശി റഹ്‌മത്ത് സഹോദരിയുടെ മകള്‍ സുഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കണ്ണൂരിലെത്തിയ ട്രെയിനില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഡിവണ്‍ ഡി2 കോച്ചുകള്‍ സീല്‍ ചെയ്തു.