തിരുവനന്തപുരം: കോഴിക്കോട്ട് എലത്തൂരില്‍ വെച്ച് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ ഉണ്ടായ അക്രമം ഞെട്ടിക്കുന്നതും അതീവ ദുഃഖകരവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവന്‍ വിവരങ്ങളും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലിസ് ഊര്‍ജ്ജിതമായി നടത്തുകയാണ്. പിഞ്ചുകുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ ഉണ്ടായ ആക്രമണത്തില്‍ പൊലിഞ്ഞത്.
യാത്രാസുരക്ഷയുടെ കാര്യത്തില്‍ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടും. റെയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കും. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു.