എലത്തൂര്‍ ട്രെയിന്‍ അക്രമം: സി.സി.ടി.വി ദൃശ്യങ്ങളിലുള്ളയാള്‍ പ്രതിയല്ലെന്ന് പോലിസ്, പ്രദേശവാസിയെന്ന് സൂചന

എലത്തൂര്‍ ട്രെയിന്‍ അക്രമം: സി.സി.ടി.വി ദൃശ്യങ്ങളിലുള്ളയാള്‍ പ്രതിയല്ലെന്ന് പോലിസ്, പ്രദേശവാസിയെന്ന് സൂചന

കോഴിക്കോട്: എലത്തൂരില്‍ വച്ച് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ കഴിഞ്ഞ ദിവസം രാത്രി തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് പോലിസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലുള്ളയാള്‍ അക്രമിയല്ലെന്ന് സൂചന. ദൃശ്യങ്ങളിലുള്ളയാള്‍ കാപ്പാട് സ്വദേശിയാണെന്നാണ് വിവരം. സംഭവം നടന്ന് ഏതാണ്ട് രണ്ട് മണിക്കൂറിന് ശേഷമുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബാഗും ഫോണും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇയാളെ മറ്റൊരാള്‍ വന്ന് കൂട്ടികൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വലിയ പോലിസ് സന്നാഹവും ആള്‍ക്കൂട്ടവും ഉള്ള സ്ഥലത്ത് അക്രമി രണ്ട് മണിക്കൂറോളം നില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ആ ദൃശ്യങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലിസ് അവസാനിപ്പിച്ചെന്നാണ് സൂചന.

അക്രമിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ട്രെയിനിലുണ്ടായിരുന്ന ദൃക്‌സാക്ഷികളിലൊരാളായ റാസിഖ് പങ്കുവച്ചു. അക്രമി പ്രകോപനമില്ലാതെ ആക്രമണം നടത്തുകയായിരുന്നു. പെട്രോള്‍ പോലുള്ള ദ്രാവകം എല്ലാവരുടെയും ദേഹത്ത് തെളിച്ചു. ഇയാള് എല്ലാവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. ഏകദേശം 150 cm ഉയരവുമുണ്ട്. ആരോഗ്യമുള്ള ശരീരം. ഇറക്കം കൂടിയ ഷര്‍ട്ട് ആണ് ധരിച്ചിരുന്നത്. പോലിസ് വിശദമായ മൊഴി എടുത്തു.
ജില്ലയിലെ മുഴുവന്‍ സി.ഐമാരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. ഷാഡോ, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ട്. ആശുപത്രികള്‍, ലോഡ്ജുകള്‍, ഹോട്ടല്‍ മുറികള്‍ തുടങ്ങി വ്യാപക പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *