ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ഇന്‍ഡോര്‍ ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍. രാമനവമി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്രക്കിണര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 36 പേര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് അധികൃതരുടെ നടപടി.
ഇന്‍ഡോറിലെ ഏറ്റവും പഴക്കമേറിയ റസിഡന്‍ഷ്യല്‍ കോളനികളിലൊന്നായ സ്‌നേഹനഗറില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം ഒരു സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. രാമനവമി ദിവസം അനിയന്ത്രിതമായ തിരക്കിനിടയില്‍ ഒരു കൂട്ടം ആളുകള്‍ പടിക്കിണറിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ കയറിയതോടെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പടിക്കിണറിന് 50 അടിയോളം ആഴമുണ്ട്.
പടിക്കിണര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രനിര്‍മിതികള്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചു പൂര്‍ത്തിയാക്കിയവയാണ്. കിണര്‍ പൊളിച്ചു നീക്കണമെന്ന് കോര്‍പ്പറേഷന്‍ നേരത്തേ ഉത്തരവിട്ടിരുന്നെങ്കിലും ക്ഷേത്രാധികാരികള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നടപടി.