വാഷിങ്ടണ്‍: ഹിന്ദുഫോബിയയെ അംഗീകരിച്ച് ജോര്‍ജിയ അസംബ്ലി നിയമം പാസാക്കി. ഹിന്ദുഫോബിയയേയും ഹിന്ദുവിരുദ്ധ മതഭ്രാന്തിനേയും അപലപിച്ചുകൊണ്ട് പ്രമേയം പാസാക്കിയ ജോര്‍ജിയയാണ് ഹിന്ദുഫോബിയ അംഗീകരിച്ചുകൊണ്ട് നിയമനിര്‍മാണം നടപ്പാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനം. ജോര്‍ജിയയിലെ ഏറ്റവും വലിയ ഹിന്ദു, ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റികളില്‍ ഒന്നായ അറ്റ്‌ലാന്റയിലെ ഫോര്‍സിത്ത് കൗണ്ടിയിലെ പ്രതിനിധികളായ ലോറന്‍ മക്‌ഡൊണാള്‍ഡും ടോഡ് ജോണ്‍സുമാണ് പ്രമേയം അവതരിപ്പിച്ചത്.
100ലധികം രാജ്യങ്ങളിലായി 120 കോടിയിലധികം അനുയായികളുള്ള ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ മതങ്ങളിലൊന്നാണ് ഹിന്ദുമതമെന്നും പരസ്പര ബഹുമാനം, സമാധാനം എന്നീ മൂല്യങ്ങളിലധിഷ്ടിതവും വൈവിധ്യമായ പാരമ്പര്യങ്ങളുടെയും വിശ്വാസ സമ്പ്രദായങ്ങളുടെയും കൂടിച്ചേരലാണെന്നും പ്രമേയം പറഞ്ഞു.
മെഡിസിന്‍, സയന്‍സ്, എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, അക്കാദമിക്, മാനുഫാക്ചറിംഗ്, ഊര്‍ജം, റീട്ടെയില്‍ വ്യാപാരം തുടങ്ങി വിവിധ മേഖലകളില്‍ അമേരിക്കന്‍-ഹിന്ദു സമൂഹം വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് പ്രമേയത്തില്‍ പറഞ്ഞു. യോഗ, ആയുര്‍വേദം, ധ്യാനം, ഭക്ഷണം, സംഗീതം, കലകള്‍ എന്നിവയുടെ സംഭാവനകള്‍ സാംസ്‌കാരിക രംഗത്തെ സമ്പന്നമാക്കുകയും അമേരിക്കന്‍ സമൂഹത്തില്‍ വ്യാപകമായി സ്വീകരിക്കപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുകയും ചെയ്‌തെന്നും പ്രമേയം പറയുന്നു.
എന്നാല്‍, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അമേരിക്കന്‍ ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദുമതത്തെ തകര്‍ക്കുന്നതിനെ പിന്തുണയ്ക്കുകയും മതഗ്രന്ഥങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന അക്കാദമിക രംഗത്തെ ചിലര്‍ ഹിന്ദുഫോബിയ വര്‍ധിപ്പിക്കുകയും സ്ഥാപനവല്‍ക്കരിക്കുകയും ചെയ്യുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി.