ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങള്‍ കൈമാറ്റം ചെയ്യേണ്ടതില്ല എന്ന ഹൈക്കോടതി വിധി ജനങ്ങളില്‍ വീണ്ടും സംശയം ജനിപ്പിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മോദിയുടെ ബിരുദ വിവരങ്ങള്‍ കൈമാറ്റം ചെയ്യേണ്ടതില്ല എന്ന ഗുജറാത്ത് ഹൈക്കോടതി വിധി തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
2016 ല്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് പ്രധാനമന്തി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കാനായുള്ള അപേക്ഷ കെജ്രിവാള്‍ നല്‍കിയിരുന്നു. അപേക്ഷ പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്‍ മോദിയുടെ ബിരുദ,ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ അപേക്ഷകന് നല്‍കാന്‍ ഗുജറാത്ത് സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ വിവരങ്ങള്‍ നല്‍കുന്നത് വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും സര്‍വകലാശാലയോട് ആലോചിക്കാതെയാണ് കമ്മീഷന്റെ ഉത്തരവെന്നും കാണിച്ച് സര്‍വകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സര്‍വകലാശാലയുടെ വാദം ശരിവെച്ചാണ് വിശദാംശങ്ങള്‍ കൈമാറേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് ബീരേന്‍ വൈഷ്ണവ് ഉത്തരവിറക്കിയത്. കൂടാതെ അപേക്ഷകനായ ദില്ലി മുഖ്യമന്ത്രിക്ക് 25000 രൂപയും പിഴയിട്ടു. കോടതി വിധി ഞെട്ടിച്ചുവെന്ന് പറഞ്ഞ കെജ്രിവാള്‍ ബിരുദം ശരിയാണെങ്കില്‍ എന്തുകൊണ്ട് അത് പരസ്യമാക്കുന്നില്ലെന്നും ചോദിച്ചു. വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആര്‍ക്കും വിഢിയാക്കാമെന്നും കെജരിവാള്‍ പരിഹസിച്ചു. നിരക്ഷരനോ വിദ്യാഭ്യാസം കുറഞ്ഞതോ ആയ പ്രധാനമന്ത്രി രാജ്യത്തിന് അപകടമാണെന്നും കെജരിവാള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയെ സംബന്ധിച്ച് ജനങ്ങളില്‍ വിധി നിരവധി സംശയങ്ങളുണ്ടാക്കുന്നു. ബിരുദം ശരിയാണെങ്കില്‍ എന്തുകൊണ്ട് അത് പരസ്യമാക്കുന്നില്ലെന്നും അരവിന്ദ് കെജരിവാള്‍ ചോദിച്ചു.