ന്യൂഡല്‍ഹി: എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഔദ്യോഗിക വസതി ഒഴിഞ്ഞ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വീട് രജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധത അറിയിച്ച് സേവാദള്‍ വനിതാ നേതാവ്. എം.പിയായതു മുതല്‍ രാഹുല്‍ താമസിച്ചിരുന്ന തുഗ്ലക്ക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ വസതി ഒഴിഞ്ഞതിനാല്‍ രാഹുലിന് ഡല്‍ഹിയില്‍ തന്നെ വീടു രജിസ്റ്റര്‍ ചെയ്തുനല്‍കുമെന്നാണ് വനിതാ നേതാവായ രാജ്കുമാരി ഗുപ്ത വ്യക്തമാക്കിയത്. ഡല്‍ഹി മംഗോള്‍പുരിയിലെ വീട് രജിസ്റ്റര്‍ ചെയ്യാനുളള നടപടികളോട് സഹകരിക്കണെന്ന് അഭ്യര്‍ഥിച്ച് രാഹുലിനെ കാണുമെന്ന് ഇവര്‍ പറയുന്നു.
എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാന്‍ ലോക്‌സഭാ സെക്രട്ടേറിയേറ്റ് രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. ഒരുമാസത്തിനകം ഒഴിയണമെന്നാണ് നിര്‍ദേശം. കത്തിന് മറുപടിയായി നിര്‍ദേശം അനുസരിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജനങ്ങളുടെ വിധിയെഴുത്തനുസരിച്ചാണ് ഈ വസതിയില്‍ കഴിഞ്ഞതെന്നും, സന്തോഷ പൂര്‍ണമായ ഓര്‍മകളാണ് തനിക്കുള്ളതെന്നും രാഹുല്‍ നല്‍കിയ മറുപടിയിലുണ്ട്.