പട്‌ന: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിഹാറിലെ ബി.ജെ.പി നേതാവും രാജ്യസഭാ എം.പി യുമായ സുശീല്‍ കുമാര്‍ മോദി നല്‍കിയ പരാതിയില്‍ ഹാജരാകാന്‍ പട്‌ന പ്രത്യേക കോടതി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. സൂറത്ത് കോടതി രാഹുലിന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെയാണ് പട്‌ന കോടതിയുടെ ഉത്തരവ്.
2019 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ തെരഞ്ഞടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ പ്രസംഗമാണ് വിവാദത്തിലാകുന്നത്. ‘നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടേയും പേരില്‍ മോദിയുള്ളത് ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാര്‍ പുറത്തുവരും’ എന്ന വിവാദ പരാമര്‍ശത്തിലാണ് ശിക്ഷയും അയോഗ്യതയും.
രാഹുലിനെതിരേ ലണ്ടനില്‍ പരാതി നല്‍കുമെന്ന് നേരത്തേ ലളിത് മോദി പറഞ്ഞിരുന്നു. സുശീല്‍കുമാര്‍ മോദിയുടെ പരാതിയില്‍ ഏപ്രില്‍ 12 ന് ഹാജരാകാനാണ് പട്‌ന കോടതി രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.