കോഴിക്കോട്: രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അവരെ അരികു വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ മതേതര സമൂഹം ഒന്നിച്ചു നില്‍ക്കണമെന്ന് കെ.എന്‍.എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച സൗഹൃദ സംഗമം ആവശ്യപ്പെട്ടു. തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വ്യാപകമായ രൂപത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമം നടക്കുകയാണ്. കര്‍ണാടകയിലെ സംവരണ വിഷയം ആളികത്തിച്ച് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനാണ് ശ്രമം. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള കുതന്ത്രങ്ങള്‍ നടക്കുന്നു. കുറുക്കു വഴിയിലൂടെ അധികാരം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് കാണുന്നത്. തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയത ഇളക്കി വിടുന്നവര്‍ക്ക് അതിനെ കൂട്ടിലടക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കണം. മത സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിപ്പിക്കുന്ന ശ്രമങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും കെ.എന്‍.എം ആവശ്യപ്പെട്ടു.
സൗഹൃദം വീണ്ടെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകണം. സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വെറുപ്പിന്റെ ചിന്തകളെ ഇല്ലാതാക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വെറുപ്പിന്റെ വാക്കുകള്‍ എറിഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കുന്ന ഏതു നീക്കവും ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി. പി.അബ്ദുല്ല കോയ മദനി അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് റശീദലി തങ്ങള്‍, ടി സിദ്ദീഖ് എം.എല്‍.എ, എം.കെ മുനീര്‍ എം.എല്‍.എ, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, എം.ഐ അബ്ദുല്‍ അസീസ്, പി.എം.എ സലാം, എം മുഹമ്മദ് മദനി, ഒ.അബ്ദു റഹ്‌മാന്‍, ടി.ടി ഇസ്മായില്‍, എം.എ റസാഖ്, പി.കെ അഹ്‌മദ്, നൂര്‍ മുഹമ്മദ് നൂര്‍ഷ, ഡോ.ഹുസൈന്‍ മടവൂര്‍, പ്രൊഫ എന്‍.വി അബ്ദു റഹ്‌മാന്‍, പാലത്ത് അബ്ദുറഹ്‌മാന്‍ മദനി, ഡോ.എ.ഐ അബ്ദുല്‍ മജീദ് , എ.അസ്ഗര്‍ അലി, ഡോ.സുള്‍ഫിക്കര്‍ അലി, ശുക്കൂര്‍ സ്വലാഹി, ഡോ.പി. പി അബ്ദുല്‍ ഹഖ്, എം.ടി അബ്ദുസ്സമദ്, കമാല്‍ വരദൂര്‍, സി.കെ സുബൈര്‍, അഡ്വ.ഫൈസല്‍ ബാബു,അഡ്വ പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.