കൊച്ചി: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷിക വേദിയില്‍ കെ. മുരളീധരനെ പ്രസംഗിക്കാന്‍ ക്ഷണിക്കാതിരുന്നത് തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് അദ്ദേഹത്തെ അപമാനിക്കുകയായിരുന്നുവെന്നും ശശി തരൂര്‍. അദ്ദേഹം കെ.പി.സി.സിയുടെ മുന്‍ അധ്യക്ഷനാണ്. രമേശ് ചെന്നിത്തലക്ക് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയപ്പോള്‍ ഈ വേദിയിലുണ്ടായിരുന്ന മുന്‍ അധ്യക്ഷനായ കെ. മുരളീധരനും അവസരം നല്‍കണമായിരുന്നു. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണത്. നേതൃത്വം തെറ്റു തിരുത്താന്‍ തെയ്യാറാകണമെന്നും ഒരു നിയമം ഉണ്ടാക്കിയാല്‍ അത് എല്ലാവര്‍ക്കും ഒരു പോലെ ആയിരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ കെ.സുധാകരനും വി.ഡി സതീശനും രമേശ് ചെന്നിത്തലയും എം.എം ഹസനും മാത്രമാണ് കെ.പി.സി.സിയുടെ ഭാഗമായി സംസാരിച്ചത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നായിരുന്നു കെ.മുരളീധരന്റെ പരാതി. എന്നാല്‍, സമയ പരിമിതി കാരണമാണ് എല്ലാ നേതാക്കള്‍ക്കും പ്രസംഗിക്കാന്‍ അവസരം ലഭിക്കാതിരുന്നത് എന്നാണ് കോട്ടയം ഡി.സി.സിയുടെ വിശദീകരണം. എന്നാല്‍, പരിപാടിയുടെ സമയക്കുറവായിരുന്നു പ്രശ്നം എങ്കില്‍ പത്ത് മിനിറ്റ് നേരത്തെ തുടങ്ങണമായിരുന്നുവന്നും ശശി തരൂര്‍ പറഞ്ഞു.
തനിക്ക് പ്രസംഗിക്കാന്‍ അവസരംകിട്ടാത്തതില്‍ പരാതിയില്ല. വൈക്കം സത്യാഗ്രഹ വാര്‍ഷികത്തിന്റെ ഭാഗമായുള്ള ജാഥ കോഴിക്കോട്ടു നിന്നും വൈക്കത്തേക്ക് വന്നപ്പോള്‍ താന്‍ ഗുരുവായൂരില്‍ വച്ച് പങ്കെടുക്കുകയും അവിടെ പ്രസംഗിക്കുകയും ചെയ്തുവെന്നും ശശി തരൂര്‍ പറഞ്ഞു.