ന്യൂഡല്‍ഹി : ഇന്ന് പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കം കുറിക്കും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇന്ന് മുതല്‍ നടപ്പില്‍ വരും. 2023-24 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് 2024 മാര്‍ച്ച് 31 നാണ്. 2023 ലെ വിദേശ വ്യാപാര നയവും ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുക.
ബജറ്റ് തീരുമാനം അനുസരിച്ചുള്ള സാധനങ്ങളുടെ വിലവ്യത്യാസം മുതല്‍ പുതിയ ആദായ നികുതി സ്‌കീം എല്ലാവര്‍ക്കും ബാധകമാകുന്നതും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. സാമ്പത്തിക വര്‍ഷാരംഭത്തില്‍ പാചകവാതക വിലയില്‍ മാറ്റം വരാനും സാധ്യതയുണ്ട്.
കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങളിലെ ഏറ്റവും പ്രധാനം ആദായനികുതിയിലേതാണ്. പുതിയ സ്‌കീമാണ് എല്ലാ ആദായനികുതി ദായകര്‍ക്കും ഇന്ന് മുതല്‍ ബാധമായിരിക്കുക. പഴയ നികുതി രീതി പിന്തുടരണമെന്ന് താല്‍പ്പര്യപ്പെടുന്നവര്‍ അത് പ്രത്യേകം തെരഞ്ഞെടുക്കണം. പുതിയ നികുതി സ്‌കീമില്‍ ഏഴ് ലക്ഷം വരെ നികുതിയില്ലെന്നതും ഈ സാമ്പത്തിക വര്‍ഷം നടപ്പാകും.
പുതിയ സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റ് നിര്‍ദ്ദേശ പ്രകാരമുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍ ഇന്ന് നടപ്പില്‍ വരുമ്പോള്‍ പാചകവാതക വില കൂടുമോ കുറയുമോ എന്നത് പെട്രോളിയം കമ്പനികള്‍ നടപ്പു സാമ്പത്തിക വര്‍ഷം നിരക്കുകളില്‍ മാറ്റം വരുത്തുമോ എന്നതിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. സ്വര്‍ണം, വെള്ളി, വസ്ത്രം കുട, സിഗരറ്റ് എന്നിവക്ക് പുതിയ ബജറ്റ് പ്രകാരം ഇന്ന് മുതല്‍ വില കൂടും. കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയണ്‍ ബാറ്ററി, മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ , ടിവി പാനലുകള്‍ അടക്കമുള്ളവയ്ക്ക് വില കുറയും.
കേരളത്തിലൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും എച്ച്.യു.ഐ.ഡി ഹാള്‍മാര്‍ക്ക് പതിച്ച സ്വര്‍ണാഭരണങ്ങള്‍ മാത്രമേ ഇന്ന് മുതല്‍ വില്‍ക്കാന്‍ അനുവാദമുള്ളു. കേരളത്തിലിത് മൂന്ന് മാസം കൂടി ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നീട്ടി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജോല്ലിക്കാരല്ലാത്തവര്‍ക്കുള്ള ലീവ് ട്രാവല്‍ അല്‍വന്‍സ് എന്‍ക്യാഷ്മന്റെ് പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കിയത് ഇന്ന് മുതല്‍ നടപ്പാകും.
ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കുള്ള ദീര്‍ഘകാല മൂലധന നേട്ട നികുതി അനൂകൂല്യം ഒഴിവാക്കിയത് ഇന്ന് മുതല്‍ പ്രാബല്യത്തിലാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നിക്ഷേപ പരിധി ഉയര്‍ത്തിയതും ഇന്നാണ് നടപ്പിലാകുക. സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാകും. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 9 ലക്ഷം സര്‍ക്കാര്‍ വാഹനങ്ങള്‍ ഇന്ന് മുതല്‍ ഒഴിവാക്കും.