തലശ്ശേരി: ‘പിണറായി പെരുമ, ശുചിത്വ പെരുമ’ എന്ന ശുചിത്വ സന്ദേശവുമായാണ് ഈ വര്‍ഷം പിണറായി പെരുമ സര്‍ഗോത്സവം എത്തുന്നത് ൃ. ഏപ്രില്‍ ഒന്നുമുതല്‍ പതിനാലുവരെ നടക്കുന്ന പെരുമ സര്‍ഗ്ഗോത്സവത്തിന് നാനാദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിനു കലാസ്‌നേഹികളാണ് ഒത്തു ചേരുക. പുഷ്പ- ഫല-കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനങ്ങളും ഭക്ഷ്യമേളയും മറ്റും ഒരുക്കിയിട്ടുള്ള പെരുമ വേദി പരിസരത്ത് മാലിന്യങ്ങള്‍ കുന്നുകൂടുന്നത് ഒഴിവാക്കാന്‍ പെരുമ സംഘാടകരും ഗ്രാമപഞ്ചായത്ത് അധികൃതരും ഹരിത സേനാംഗങ്ങളും മുന്‍കൂട്ടി തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. പരിപാടികള്‍ പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കും. മാലിന്യങ്ങള്‍ യഥോചിതം സംസ്‌കരിച്ച് വളമാക്കാന്‍ പദ്ധതി ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ സംഭരിച്ച് ഉത്പന്നങ്ങള്‍ ആക്കും. ഇവ വിറ്റുകിട്ടുന്ന തുക സംഘാടക സമിതിക്കു കൈമാറും. മാലിന്യ ശേഖരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ ഒന്നിനു രാവിലെ 8.30ന് പിണറായി ടൗണില്‍ നിന്ന് മാലിന്യ ശേഖരണം നടത്തിക്കൊണ്ട് ഹരിത സേനാംഗങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് പിണറായി പെരുമ സംഘാടക സമിതിയും പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവനും അറിയിച്ചു.