കറാച്ചി: സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട പാകിസ്താനില്‍ നിന്ന് നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം കറാച്ചിയില്‍ സൗജന്യ ഭക്ഷണവിതരണ സ്ഥലത്തെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. നേരത്തെ 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മരിച്ചവരില്‍ എട്ടു സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ട്. രണ്ടു ദിവസം മുമ്പ് പഞ്ചാബില്‍ സര്‍ക്കാര്‍ നടത്തിയ സൗജന്യ റേഷന്‍ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് കറാച്ചിയില്‍ പുതിയ അപകടം ഉണ്ടായിരിക്കുന്നത്.
ഭക്ഷണവില കുതിച്ചതോടെ പാകിസ്ഥാനില്‍ പട്ടിണി രൂക്ഷമായ അവസ്ഥയാണ്. കറാച്ചിയിലെ സൈറ്റ് ഏരിയയിലുള്ള എഫ്‌കെ ഡൈയിങ് കമ്പനി പാവപ്പെട്ടവര്‍ക്കായി ഭക്ഷണ വിതരണം നടത്തിയപ്പോള്‍ തടിച്ചുകൂടിയത് നാനൂറില്‍ അധികം സ്ത്രീകളാണ്. ആള്‍ത്തിരക്ക് നിയന്ത്രണാതീതമായതോടെ കമ്പനി അധികൃതര്‍ വാതിലടച്ചു. ഇതോടെ അകത്ത് തിക്കും തിരക്കും തുടങ്ങുകയായിരുന്നു. ബഹളത്തിനിടെ, അസഹ്യമായ ചൂട് താങ്ങാനാവാതെ കുഴഞ്ഞു വീണവരാണ് മരണത്തിനു കീഴടങ്ങിയത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനില്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ഭക്ഷ്യ ക്ഷാമമാണ്. ഭക്ഷ്യധാന്യ വിലകളില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 45 ശതമാനത്തിന്റെ വര്‍ധനവുണ്ടായതോടെ, ഒരു നേരത്തെ ഭക്ഷണം പണം കൊടുത്തു വാങ്ങാന്‍ പോലും ആവാത്തത്ര കൊടിയ ദാരിദ്ര്യത്തിലേക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ള ജനങ്ങള്‍ വഴുതി വീണുകഴിഞ്ഞു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും സൗജന്യ റേഷന്‍ ലഭിക്കാത്തവര്‍ ദേശീയ പാത ഉപരോധിക്കുകയും ചെയ്തിരുന്നു.