തിരുവനന്തപുരം: മുഖ്യമന്ത്രി താല്‍ക്കാലിക ആശ്വാസമായ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റല്‍ കേസിലെ ലോകായുക്ത വിധിക്കെതിരേ പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിക്കും. വിധിയില്‍ എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായം ഉണ്ടായതെന്നും ആര്‍ക്കാണ് ഭിന്നാഭിപ്രായമെന്നും ലോകായുക്ത ഉത്തരവില്‍ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് റിട്ട് ഹര്‍ജി നല്‍കാനാണ് പരാതിക്കാരന്റെ തീരുമാനം.
നിര്‍ണായക കേസില്‍ വന്ന ഭിന്നവിധി നിയമ-രാഷ്ട്രീയ കേന്ദ്രങ്ങളില്‍ തുടങ്ങിവെച്ചത് വലിയ ചര്‍ച്ചയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക അനുവദിച്ച കാബിനറ്റ് തീരുമാനം ലോകായുക്ത നിയമപ്രകാരം പരിശോധിക്കാമോ എന്നതിലാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം. പക്ഷെ ലോകായുക്തക്കും ഉപലോകായുക്തക്കുമുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ എന്തെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായമെന്നും പറയുന്നില്ല. ഈ കാര്യങ്ങള്‍ ഉന്നയിച്ച് തുടര്‍ നിയമനടപടിക്കാണ് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാറിന്റെ നീക്കം. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് റിട്ട് ഹര്‍ജി നല്‍കാനുള്ള തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിലാണ് ഹര്‍ജി നല്‍കുക.