തുടക്കം കസറി ഗുജറാത്ത്

തുടക്കം കസറി ഗുജറാത്ത്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. ഗില്ലിനും ഗെയ്ക്‌വാദിനും അര്‍ധ സെഞ്ചുറി

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് അഞ്ച് വിക്കറ്റ് വിജയം. ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയ ലക്ഷ്യം നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അവര്‍ മറി കടന്നും. 36 പന്തില്‍ 63 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനെ കളിയില്‍ മേധാവിത്വം നല്‍കിയത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡയുടെ തീരുമാനം ശരിയെന്ന് തെളിയിക്കുന്ന രീതിയിലായിരുന്ന ചെന്നൈയുടെ തുടക്കം. ഓപ്പണര്‍ ഡെവന്‍ കോണ്‍വേയെ ഒരു റണ്ണിന് മടക്കി മുഹമ്മദ് ഷമി ഗുജറാത്തിന് മികച്ച തുടക്കം നല്‍കി. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ച ഋതുരാജ് ഗെയ്ക്ക്‌വാദ് വെടിക്കെടട്ട് ഇന്നിങ്‌സിലൂടെ ചെന്നൈ സ്‌കോര്‍ മുമ്പോട്ടു ചലിപ്പിച്ചു.

 

50 പന്തില്‍ 92 റണ്‍സെടുത്ത ഗെയ്ക്‌വാദിനെ അല്‍സാരി ജോസഫ് ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിക്കുമ്പോള്‍ ചെന്നൈ സേഫ് സോണില്‍ എത്തിയിരുന്നു. ഒമ്പത് സിക്‌സും നാല് ഫോറും ഗെയ്ക്‌വാദിന്റെ ഇന്നിങ്‌സിന് മിഴിവേകി. 23 റണ്‍സുമായി മോയിന്‍ അലിയും 19 റണ്‍സുമായി ശിവം ഡൂബെയും പുറകത്താകാതെ 14 റണ്‍സുമായി ക്യാപ്റ്റന്‍ എം.എസ് ധോണിയും ചെന്നൈ സ്‌കോര്‍ബോര്‍ഡില്‍ സംഭാവനകള്‍ നല്‍കി. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും ജോഷ്വ ലിറ്റില്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ഗുജറാത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 37റണ്‍സ് ചേര്‍ത്തു. വൃദ്ധിമാന്‍ സാഹയെ ശിവം ഡൂബയുടെ കൈകളിലെത്തിച്ച് രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സായ് സുദര്‍ശ(22)നും വിജയ് ശങ്ക(27)റും ഗില്ലിന് മികച്ച പിന്തുണ നല്‍കി. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ എട്ട് റണ്‍സുമായി പെട്ടെന്ന് മടങ്ങി. അര്‍ധ സെഞ്ചുറി പിന്നിട്ട ഗില്ലിനെ ചെന്നൈയുടെ ഇംപാക്ട് പ്ലെയര്‍ തുഷാര്‍ ദേശ്പാണ്ഡേ ധോണിയുടെ കൈകലിലെത്തിച്ചെങ്കിലും രാഹുല്‍ തെവാത്തിയയും റാഷിദ് ഖാനും വിക്കറ്റ് നഷ്ടം കൂടാതെ ഗുജറാത്തിനെ ലക്ഷ്യത്തിലെത്തിച്ചു. ഗില്ലിന്റെ വിക്കറ്റ് നേടിയെങ്കിലും അമ്പാട്ടി റായിഡുവിന് പകരം ഇംപാക്ട് പ്ലെയറായി ഇറങ്ങിയ തുഷാര്‍ പാണ്ഡേക്ക് വിലിയ ഇംപാക്ട് ചെന്നൈക്ക് വേണ്ടി കാഴ്ചവയ്ക്കാനായില്ല. 3.2 ഓവറില്‍ 51 റണ്‍സാണ് തുഷാര്‍ വഴങ്ങിയത്. ചെന്നൈ നിരയില്‍ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ മൂന്ന് വിക്കറ്റുകള്‍ നേടി. റാഷിദ് ഖാനാണ് കളിയിലെ താരം.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *