മാഹി: ജോലി ചെയ്ത എല്ലാ വിദ്യാലയങ്ങളിലും കുട്ടികളുടെ പ്രിയതോഴനായി മാറിയ പിന്നണി ഗായകനും പ്രഭാഷകനുമായ ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌ക്കൂള്‍ പ്രധാനധ്യാപകന്‍ എം.മുസ്തഫ സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ അത് വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. പ്രിയ ശിഷ്യരും സഹപ്രവര്‍ത്തകരും കണ്ണീരോടെയാണ് ഈ മാതൃകാധ്യാപകനെ യാത്രയാക്കിയത്. കളി തമാശകളിലൂടെ കാര്യങ്ങള്‍ പഠിപ്പിക്കാനുള്ള മിടുക്കും കുട്ടികളുടെ സര്‍ഗസിദ്ധികള്‍ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാനുള്ള വലിയ മനസും സഹപ്രവര്‍ത്തകരോടും സഹജീവികളോടും അനുവര്‍ത്തിക്കുന്ന സഹജ സ്‌നേഹവുമാണ് എം.മുസ്തഫ മാസ്റ്ററെ മയ്യഴി വിദ്യാഭ്യാസ മേഖലയുടെ പ്രിയങ്കരനാക്കിയത്.
അറിവിന്റെ വഴികളില്‍ മനസ്സ് തുറന്ന്, അന്വേഷണ വ്യഗ്രതയോടെ സഞ്ചരിക്കുകയും, ഭാഷാധ്യാപനത്തിന് മാന്യതയുണ്ടാക്കിയ പണ്ഡിതനുമാണ് ഇദ്ദേഹം. ദാര്‍ശനിക സൗമ്യതയാണ് മുസ്തഫ മാഷിന്റെ മുഖമുദ്ര. മയ്യഴി മേഖലയിലെ ഏതാണ്ടെല്ലാ കുട്ടികളേയും പേര് വിളിച്ച് സംസാരിക്കാന്‍ കഴിയുന്ന ഈ ജനപ്രിയ ഗുരുനാഥന് രക്ഷിതാക്കളും സുപരിചിതരാണ്. മയ്യഴിയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായി നടന്നിട്ടുള്ള എല്ലാ കലാ-സാംസ്‌കാരിക പരിപാടികളിലും മുസ്തഫ മാഷിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് കാര്യങ്ങള്‍ സ്വയം കണ്ടെത്താനും വിലയിരുത്താനുമുള്ള പ്രായോഗിക രീതികള്‍ ക്ലാസ് മുറികളില്‍ അവലംബിക്കുന്നതാണ് മുസ്തഫ മാസ്റ്ററുടെ അധ്യയന രീതി. പഠിതാവിനെ കര്‍മ്മോന്മുഖനാക്കുകയും പഠനക്രിയാ ചലനാത്മകമാക്കുകയുമാണ് ഈ ഗുരുനാഥന്റെ അധ്യയന തന്ത്രം. ചാലക്കര ഉസ്മാന്‍ ഗവ.ഹൈന്ക്കുളിന് തുടര്‍ച്ചയായി പൊതുപരീക്ഷകളില്‍ നൂറ് മേനി നേടാനും സാഹിത്യ-ശാസ്ത്ര-കായികമേഖലകളില്‍ വിദ്യാലയത്തെ ഒന്നാം നിരയിലെത്തിക്കാനായതും ആസൂത്രിതവും സമര്‍ത്ഥവുമായ കര്‍മ പദ്ധതികളിലൂടെയാണ്. മൂല്യബോധത്തിലും, സാമുഹ്യ പ്രതിബദ്ധതയിലും ശിഷ്യരുടെ മനസുകളില്‍ അറിവിന്റെ തിരിനാളങ്ങള്‍ കൊളുത്തി വെച്ച ഈ ബഹുമുഖപ്രതിഭയെ മയ്യഴിക്ക് മറക്കാനാവില്ല.