- ഏഴ് വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 226 കോടി രൂപ കൈവരിച്ച് സിഡ്കോ
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്‌കോ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ചരിത്ര നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ 15 വര്‍ഷത്തെ കാലയളവില്‍ ആദ്യമായി 48 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭം എന്ന മികച്ച നേട്ടമാണ് കൈവരിച്ചത്. ഒപ്പം, 2016-2017 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 വരെയുള്ള ഏഴ് വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 226 കോടി രൂപ കൈവരിക്കാന്‍ സിഡ്കോയ്ക്ക് സാധിച്ചിരിക്കുകയായാണ്.
വരുന്ന 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ 253 കോടി രൂപയുടെ വിറ്റുവരവും 4 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവുമാണ് പ്രതീക്ഷിക്കുന്നത് എന്ന് സിഡ്‌കോയുടെ ചുമതല വഹിക്കുന്ന കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് അറിയിച്ചു. മുടങ്ങിക്കിടന്നിരുന്ന നാലു സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിങ് പൂര്‍ത്തിയാക്കുവാനും അതിനുശേഷമുള്ള ഒരു വര്‍ഷത്തെ അക്കൗണ്ടിങ് പൂര്‍ത്തിയാക്കി ബോര്‍ഡിന്റെ അംഗീകാരം നേടുവാനും കഴിഞ്ഞ 20 മാസക്കാലയളവിനുള്ളില്‍ സിഡ്കോയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂര്‍ത്തിയാകുന്ന സാമ്പത്തിക വര്‍ഷത്തില്‍ സിഡ്കോ ഉറപ്പാക്കിയ നേട്ടങ്ങള്‍ ഏറെയാണ്. വിവിധ ഡിവിഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ കരട് പ്രൊപ്പോസല്‍ തയ്യാറാക്കി. ഇതോടൊപ്പം, 5.3 കോടി രൂപയോളം ഗ്രാറ്റുവിറ്റി കുടിശ്ശിക തീര്‍ക്കുകയും മെയ് 2022 മുതല്‍ പി.എഫ് മുടക്കം കൂടാതെ അടയ്ക്കുകയും ചെയ്യുന്നുണ്ട്. വിരമിച്ച ജീവനക്കാരുടെ കുടിശ്ശിക മുന്‍ഗണനാക്രമത്തില്‍ തീര്‍ത്തുവരുന്ന സിഡ്‌കോ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മുഴുവന്‍ കുടിശ്ശികയും കൊടുത്ത് തീര്‍ക്കുവാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കൈക്കൊണ്ടിട്ടുണ്ട്.
സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന നിരന്തരമായുള്ള അവലോക പ്രവര്‍ത്തനങ്ങള്‍ സിഡ്‌കോയുടെ വളര്‍ച്ചയില്‍ ഏറെ ഗുണപരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന ഒമ്പത് ഉല്‍പ്പാദന യൂണിറ്റുകള്‍ മുഖേന സിഡ്കോ നേരിട്ട് മരം, ഉരുക്ക് എന്നിവയിലധിഷ്ഠിതമായ കൃത്യതയുള്ള ജോലികള്‍, ഫാബ്രിക്കേഷന്‍ ജോലികള്‍ എന്നിവ ഉറപ്പു വരുത്തുന്നു. വി.എസ്.എസ്.സി, ഐ.എസ്.ആര്‍.ഒ, ബ്രഹ്‌മോസ്, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയാണ് സിഡ്‌കോയുടെ ഉല്‍പ്പാദന യൂണിറ്റുകളുടെ പ്രധാന ഉപഭോക്താക്കള്‍.