കൊല്‍ക്കത്ത: സസ്യങ്ങളിലെ മാരകമായ ഫംഗസ് രോഗബാധ മനുഷ്യരിലേയ്ക്കും പടരാന്‍ സാധ്യതയെന്ന് ഗവേഷകര്‍. ലോകത്തിലാദ്യമായി കൊല്‍ക്കത്ത സ്വദേശിയായ 61-കാരനിലാണ് സസ്യങ്ങളെ ബാധിക്കുന്ന മാരക ഫംഗസ്ബാധ സ്ഥിരീകരിച്ചത്. സാധാരണയായി സസ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന കോണ്ട്രോസ്റ്റീരിയം പര്‍പ്യൂരിയം എന്ന ഫംഗസ് ബാധയാണ് കൊല്‍ക്കത്ത സ്വദേശിയില്‍ കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറയുന്നു.
കുമിള്‍ ശാസ്ത്രജ്ഞനായ ഇദ്ദേഹം ദീര്‍ഘകാലമായി സസ്യങ്ങളുമായും കൂണുള്‍പ്പെടെയുള്ള ഫംഗസ് വര്‍ഗങ്ങളുമായി സമ്പര്‍ക്കം ഉള്ളയാളാണ്. ഇതാവും അദ്ദേഹത്തിന് ഫംഗസ് ബാധയുണ്ടാവാന്‍ കാരണമെന്ന് രണ്ട് വര്‍ഷത്തോളം നീണ്ട ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു മാസമായി വിട്ടുമാറാത്ത ക്ഷീണം, ചുമ, ശബ്ദതടസ്സം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതോടെയാണ് ഇദ്ദേഹം ചികിത്സ തേടിയത്. എക്സ്റേയെടുത്തെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍ സി.ടി സ്‌കാനില്‍ കഴുത്തിനു താഴെയായി ശ്വാസനാളത്തില്‍ മുഴ കണ്ടെത്തി.
തുടര്‍ന്നുളള പരിശോധനയില്‍ ‘കോണ്ട്രോസ്റ്റീരിയം പര്‍പ്യൂരിയം’ എന്ന വിഭാഗത്തില്‍പ്പെട്ട ഫംഗസ് ബാധയുണ്ടെന്ന് വ്യക്തമായി.
മുഴ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്‌തെന്നും പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടമായില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രോഗബാധ വീണ്ടുമുണ്ടാകാനുള്ള സാധ്യതയില്ലെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യരില്‍ മരണത്തിനു വരെ കാരണമായേക്കാവുന്നതാണ് ‘കോണ്ട്രോസ്റ്റീരിയം പര്‍പ്യൂരിയം’ എന്ന് ഗവേഷകര്‍ പറയുന്നു.