ഊട്ടി: ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ‘ദി എലിഫന്റ് വിസപറേഴ്‌സ്’ എന്ന് ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ പാപ്പാന്‍ ദമ്പതികള്‍ ബൊമ്മനും ബെല്ലിയും സംരക്ഷിച്ചു വന്ന കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. ഇരുവര്‍ക്കും രണ്ടാഴ്ച
മുമ്പ് ലഭിച്ച നാലു മാസം പ്രായമുളള കുട്ടിയാനയാണ് ചരിഞ്ഞത്. വയറിളക്കമാണ് മരണകാരണമെന്നാണ് വിവരം.
മാര്‍ച്ച് 16 നാണ് നാലുമാസം പ്രായമുള്ള ആനക്കുട്ടിയെ ധര്‍മപുരിയില്‍ നിന്ന് മുതുമല കടുവാ സങ്കേതത്തിലെ ആനക്ക്യാമ്പിലേയ്ക്ക് എത്തിച്ചത്. ഓസ്‌കര്‍ നേട്ടത്തിന്റെ തിളക്കത്തിലിരിക്കുന്ന ബൊമ്മനേയും ബെല്ലിയേയും തന്നെയാണ് കുട്ടിക്കൊമ്പന്റെ മേല്‍നോട്ടം ഏല്പിച്ചത്. ബൊമ്മനോടും ബെല്ലിയോടും വലിയ ഇണക്കത്തിലായിരുന്നു ആനക്കുട്ടി. അമ്മയില്‍ നിന്ന് വേര്‍പെട്ടതിനാല്‍ അതീവ ജാഗ്രതയോടെയാണ് ആനക്കുട്ടിയെ പരിചരിച്ചത്. അമ്മയില്ലാത്തിനാല്‍ പാലിന് പകരം മനുഷ്യര്‍ക്ക് നല്‍കുന്ന ലാക്ടോജനാണ് നല്‍കിയത്. ഇത് ദഹിക്കാത്തതാണ് ആരോഗ്യം വഷളാക്കിയത്.
മൂന്ന ദിവസത്തോളമായി ക്യാമ്പിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ കുട്ടിക്കൊമ്പന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ പരമാവധി ശ്രമം നടത്തുന്നു. ഇന്നലെ ഉച്ചയോടെയാണ് കുട്ടിക്കൊമ്പന് വയറിളക്കമുണ്ടായത്. കൃത്രിമപാല്‍ ദഹിക്കാതെ പ്രതിപ്രവര്‍ത്തനം നടത്തിയത് മൂലം നിര്‍ജലീകരണം സംഭവിക്കുകയായിരുന്നുവെന്ന് ആനക്കുട്ടിയെ പരിശോധിച്ച മുതുമലയിലെ ഡോക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു. രാത്രി ഒരു മണിയോടെയാണ് അന്ത്യം. വളരെ ചെറുപ്പത്തിലെ അമ്മയില്‍ നിന്നു വേര്‍പെട്ട ആനക്കുട്ടികള്‍ക്കിടയില്‍ ഇത്തരം സംഭവങ്ങള്‍ അസാധാരണമല്ലെന്ന് ക്യാമ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.