ഉയരാനും വളരാനുമുള്ള കാലമാണ് ഈസ്റ്റര്‍: ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ (വരാപ്പുഴ മെത്രാപ്പോലീത്ത)

ഉയരാനും വളരാനുമുള്ള കാലമാണ് ഈസ്റ്റര്‍: ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ (വരാപ്പുഴ മെത്രാപ്പോലീത്ത)

ദൈവീകതയെന്ന കൃപനിറഞ്ഞ സാധ്യതയിലേക്ക് ഒരാള്‍ക്ക് ഉയരാനാകുമെന്നാണ് ഉത്ഥിതനായ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്. ഈ സാധ്യത ഒരു തുറന്ന വാതിലായി നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ എന്തൊക്കെയോ ബാധ്യതകളുടെ കല്ലുരുട്ടിവച്ച് സാധ്യതകളുടെ വാതില്‍ നമ്മള്‍ അടച്ചു കളയുന്നു. പിന്നെ വെള്ളയടിച്ച കുഴിമാടങ്ങളായി നമ്മള്‍ ശിഷ്ടകാലം കഴിച്ചു കൂട്ടുന്നു. ഉയിര്‍പ്പിനു മുമ്പുള്ള കാലത്തെ തപസു കാലമെന്ന് നമ്മള്‍ വിളിക്കുന്നത് എന്തുകൊണ്ടാണ്? ക്രിസ്തുവില്‍ ഒന്നാകാന്‍ വ്രതമെടുത്ത് ഒരാള്‍ തപസ്സിരിക്കേണ്ട കാലമാണത്. വ്രതശുദ്ധിയോടെയുള്ള ഈ കാത്തിരിപ്പിനുശേഷം ഒരാള്‍ ക്രിസ്തുവിന്റെ അനന്തസ്‌നഹത്തിലേക്ക് വളരുന്നു. സ്വയമുരുകാനും, സ്വയം മരിക്കാനും, സ്വയം ഒരുക്കാനുമുള്ള കാലമാണ് തപസുകാലമെങ്കില്‍, ഉയരാനും വളരാനുമുള്ള കാലമാണ് ഉയിര്‍പ്പുകാലം. ഉയര്‍പ്പിക്കപ്പെട്ട ശിഷ്യരാണ് ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഏറ്റവും വലിയ തെളിവും സാക്ഷ്യവുമെന്ന് വി. തോമസ് അക്വീനാസ് എഴുതി. സ്വാര്‍ത്ഥതയില്‍ ജീവിക്കുന്ന ക്രൈസ്തവര്‍ ഉയിര്‍പ്പിന്റെ വിരുദ്ധ സാക്ഷ്യങ്ങളായി തീരുമെന്ന് വി. ഐറേനിയൂസ് ഓര്‍മ്മപ്പെടുത്തി. നമ്മുടെ നാട്ടില്‍ മാലിന്യ സംസ്‌കരണ പ്രശ്‌നം, ബഫര്‍സോണ്‍ പ്രശ്‌നം എന്നിവ നമ്മെ നിരന്തരം അസ്വസ്ഥരാക്കുമ്പോള്‍ കൃത്യമായ നിലപാട് എടുക്കാന്‍ നാം സ്വന്തം സുഖത്തിന്റെ കംഫര്‍ട്ട് സോണ്‍ ഭേദിച്ച് പുറത്തുവരണം.

ക്രിസ്തുവിലേക്ക് വളരാനുള്ള ക്ഷണമാണ് ഈസ്റ്റര്‍ നല്‍കുക. അനുനിമിഷം ക്രിസ്തുവിലേക്കുള്ള ദൂരം നാം കുറക്കണം. ”എന്നിലൂടെ നടക്കാനേ എന്റെ കാലുകള്‍ക്കറിയൂ” എന്നത് സത്യമാണെങ്കിലും ”ഞാന്‍ അപ്രത്യക്ഷനാകുമ്പോഴേ ക്രിസ്തു പ്രതൃക്ഷനാകൂ” എന്ന സത്യവും നമ്മള്‍ അറിയണം, ആ സത്യം നമ്മള്‍ ധ്യാനിക്കണം. ക്രിസ്തുവില്‍ ഉയര്‍പ്പിക്കപ്പെട്ടവര്‍ ക്രിസ്തുവിന്റെ കണ്ണുകളിലൂടെ ലോകത്തെ നോക്കിക്കാണാന്‍ പഠിക്കുന്നു. എമ്മാവൂസിലേക്കുള്ള വഴിയും എമ്മാവൂസില്‍ നിന്നുള്ള വഴിയും രണ്ട് ധ്രുവങ്ങള്‍ പോലെയാണ്. എമ്മാവൂസ് വഴിയില്‍ ക്രിസ്തുവിന്റെ കൂടെ നടന്ന ശിഷ്യര്‍ക്ക് മന്ദതയും, മ്ലാനതയും, അന്ധതയും മാറി, ഹൃദയത്തിലെ അഗ്‌നി അവര്‍ തെളിഞ്ഞുകണ്ടു. ക്രിസ്തുവിന്റെ കണ്ണുകളിലൂടെ നോക്കിയപ്പോള്‍ എന്തിലും ഏതിലും ഉയിര്‍പ്പിന്റെ മുദ്ര അവര്‍ കണ്ടു.

ക്രിസ്തുവിന്റെ കണ്ണുകളിലൂടെ തന്നെതന്നെയും ലോകത്തേയും നോക്കിക്കാണുന്ന ഒരാള്‍ ലോകത്തിന് ഈസ്റ്റര്‍ സന്ദേശമായിമാറാന്‍ തുടങ്ങും. ടോള്‍സ്റ്റോയിയുടെ റിസറക്ഷന്‍ എന്ന നോവലില്‍ തന്റെ വഴിതെറ്റിയ ജീവിതം നന്നാക്കുമെന്ന് ഈസ്റ്റര്‍ രാത്രിയില്‍ കഥാനായകന്‍ തീരുമാനമെടുക്കുമ്പോള്‍ അകലെയുള്ള പള്ളിയില്‍ പാതിരാക്കുര്‍ബ്ബാനയ്ക്കുള്ള മണിമുഴങ്ങി. എത്ര പാതിരാകുര്‍ബ്ബാനയില്‍ പങ്കെടുത്തിട്ടും എത്രവട്ടം മണിനാദം കേട്ടുണര്‍ന്നിട്ടും ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നമ്മള്‍ ഉയര്‍പ്പിക്കപ്പെടാത്തത് എന്തേയെന്ന് നാം ഇത്തവണയെങ്കിലും ചോദിക്കണം. ഞാന്‍ കര്‍ത്താവിനെ കണ്ടു എന്ന്, വാക്കിലൂടെ നോക്കിലൂടെ ചലനത്തിലൂടെ പ്രഘോഷിക്കുവാന്‍ നമുക്കേവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *