സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

തിരുവനന്തപുരം : സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. 1934 ല്‍ തിരുവനന്തപുരത്താണ് ജനനം. 17നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് രണ്ടു തവണ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ‘ജീവിതം എന്ന നദി’ എന്ന ആദ്യനോവല്‍ സാറാ തോമസിന്റെ 34-ാം വയസ്സില്‍ പുറത്തിറങ്ങി. മധ്യവര്‍ഗ കേരളീയ പശ്ചാത്തലത്തില്‍ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിന്റെ കൃതികള്‍ ശ്രദ്ധേയങ്ങളാണ്. തമിഴ് ബ്രാഹ്‌മണരുടെ ജീവിതം ചിത്രീകരിക്കുന്ന ‘നാര്‍മടിപ്പുടവ’യാണ് ശ്രദ്ധേയമായ കൃതി. ‘ദൈവമക്കള്‍’ എന്ന നോവലില്‍ മതപരിവര്‍ത്തനം ചെയ്ത അധസ്ഥിത വര്‍ഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളും ചിത്രീകരിക്കുന്നു.

സാറാ തോമസിന്റെ ‘മുറിപ്പാടുകള്‍’ എന്ന നോവല്‍ പി.എ. ബക്കര്‍ ‘മണിമുഴക്കം’ എന്ന സിനിമയാക്കിയിട്ടുണ്ട്. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളില്‍ പുരസ്‌കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *