തിരുവനന്തപുരം: പാര്‍ട്ടിക്ക് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ അത് അറിയിച്ചാല്‍ മതിയെന്നും ഒഴിവാകാമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വൈക്കം ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലതെന്നാണ് അവരുടയൊക്കെ മനോഭാവമെന്നും അദ്ദേഹം പറഞ്ഞു.
വേദിയില്‍ ഉണ്ടായിരുന്നത് മൂന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരാണ്. രമേശ് ചെന്നിത്തലയ്ക്കും എം.എം ഹസനും സംസാരിക്കാന്‍ അവസരം നല്‍കി തനിക്ക് മാത്രമാണ് അവസരം നല്‍കാതിരുന്നത്. പരിപാടി സംബന്ധിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേര് വെച്ചില്ല. അവഗണനയുടെ കാരണം എന്താണെന്ന് അറിയില്ല. സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ താന്‍ തയാറാണ്. പാര്‍ട്ടിക്ക് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ അറിയിച്ചാല്‍ മതി താന്‍ മാറി നിന്നോളാമെന്ന് കെ.സി വേണുഗോപാലിനെയും കെ.സുധാകരനെയും അറിയിച്ചെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത ചടങ്ങില്‍ കെ.സുധാകരനും വി.ഡി സതീശനും രമേശ് ചെന്നിത്തലയും എം.എം ഹസ്സനും മാത്രമാണ് കെ.പി.സി.സിയുടെ പ്രതിനിധികളായി സംസാരിച്ചത്. പരിപാടിയില്‍ മുരളീധരനെക്കൂടാതെ ശശി തരൂരിനെയും പ്രസംഗിക്കാന്‍ അനുവാദിക്കാതെ തഴഞ്ഞുവെന്ന വിമര്‍ശനം ഉയരുന്നുണ്ട്. തരൂര്‍ സംസാരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യത്തോട് പാര്‍ട്ടി നേതൃത്വം മുഖം തിരിച്ചെന്നും തരൂര്‍ അനുകൂലികള്‍ വ്യക്തമാക്കി.