രാഹുലിന്റെ അയോഗ്യത:  വിദേശ ഇടപെടല്‍ ആവശ്യമില്ലെന്ന് കപില്‍ സിബല്‍

രാഹുലിന്റെ അയോഗ്യത:  വിദേശ ഇടപെടല്‍ ആവശ്യമില്ലെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി:  രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ വിദേശ ഇടപെടല്‍ ആവശ്യമില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ‘വിദേശ ഇടപെടല്‍ ആവശ്യമില്ല. നമ്മുടെ പോരാട്ടം നമ്മുടേതാണ്. അതില്‍ നമ്മളൊരുമിച്ചാണ്’- കപില്‍ സിബല്‍ പറഞ്ഞു. എം.പി സ്ഥാനത്തു നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ ജര്‍മ്മനിയുടെ പ്രതികരണത്തില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് നന്ദി പ്രകടിപ്പിച്ചതിന് മറുപടിയായാണ് കപില്‍ സിബലിന്റെ പ്രതികരണം.

നേരത്തെ, മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, കിരണ്‍ റിജ്ജു എന്നിവരും അനുരാഗ് താക്കൂറും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വിവാദമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നിലപാടില്‍ മയപ്പെട്ടു. നമ്മുടെ ജനാധിപത്യത്തിന് നേരെ ആക്രമണമുണ്ടാവുമ്പോള്‍ ജനാധിപത്യ പ്രക്രിയയിലൂടെ തന്നെയാണ് തിരുത്തേണ്ടത് എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതിനിടയിലാണ് കപില്‍ സിബലിന്റേയും പ്രതികരണം വരുന്നത്.

രാഹുലിന്റെ കേസില്‍ ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയും പിന്നാലെയുണ്ടായ അയോഗ്യനാക്കല്‍ നടപടിയും ശ്രദ്ധിക്കുന്നുണ്ട്. കോടതി വിധിക്കെതിരെ രാഹുലിന് അപ്പീലിന് പോകാനാകുമെന്നാണ് കരുതുന്നതെന്നും ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.

കോടതി വിധി നിലനില്‍ക്കുമോയെന്നും രാഹുലിനെ അയോഗ്യനാക്കിയതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന് അതിന് ശേഷമേ വ്യക്തമാകു. ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങളും ജനാധിപത്യത്തിന്റെ മൗലികതത്വങ്ങളും കേസില്‍ ബാധകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജര്‍മ്മനി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *