അഹമ്മദാബാദ്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ക്യാംപയിനിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി ഏറ്റെടുത്ത മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ പോസ്റ്ററുകള്‍ ഗുജറാത്തിലും. പോസ്റ്ററൊട്ടിച്ച എട്ടുപേരെ അറസ്റ്റ് ചെയ്തു. അഹമ്മദാബാദില്‍ വിവിധയിടങ്ങളില്‍ ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പോസ്റ്റൊറൊട്ടിച്ചവരെയാണ് അറസ്റ്റു ചെയ്തതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ദേശീയ വ്യാപകമായി ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപെയ്‌നിന്റെ ഭാഗമായാണ് മോദിക്കെതിരെയുള്ള പോസ്റ്ററുകള്‍.
നഗരത്തിലെ വിവിധയിടങ്ങളില്‍ ആക്ഷേപകരമായ പോസ്റ്ററുകള്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നും അഹമ്മദ്ബാദ് പൊലീസ് പറഞ്ഞു. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ആംആദ്മി പാര്‍ട്ടി രംഗത്തെത്തി. അറസ്റ്റിലായവര്‍ എല്ലാം പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ഗുജറാത്ത് ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ ഇസുദാന്‍ ഗഡ് വി പറഞ്ഞു. ബിജെപിയുടെ ഏകാധിപത്യ പ്രവണതയാണിത്. ബിജെപി പേടിച്ചിരിക്കുകയാണെന്നും ഇസുദാന്‍ ഗഡ് വി പറഞ്ഞു.
‘ബിജെപിയുടെ ഏകാധിപത്യത്തിലേക്ക് നോക്കൂ, മോദിക്കെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചതിന് ഗുജറാത്തിലെ വിവിധ ജയിലുകളില്‍ കുറ്റം ചുമത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിയുകയാണ്. മോദിയുടേയും ബിജെപിയുടേയും പേടിയല്ലാതെ മറ്റെന്താണിത്.നിങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ ചെയ്‌തോളൂ, ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അതിനോട് പൊരുതും’-. ഇസുദാന്‍ ഗഡ് വി പറഞ്ഞു. ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന ക്യാംപയിന്‍ 11 ഭാഷകളിലായാണ് എഎപി നടത്തുന്നത്.
ഡല്‍ഹിയില്‍ പോസ്റ്ററൊട്ടിച്ച ആറു പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ട് പ്രസ് ഉടമകളും ഉള്‍പ്പെട്ടിരുന്നു. ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ റോഡിലെ ആം ആദ്മി പാര്‍ട്ടി യുടെ ദേശീയ ആസ്ഥാനത്ത് നിന്ന് രണ്ടായിരം പോസ്റ്ററുകളുമായി ഒരു വാന്‍ പിടിച്ചിരുന്നു. വാഹന ഉടമ ആം അദ്മി ഓഫീസില്‍ എത്തിക്കാനാണ് പറഞ്ഞതെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.
ആരാണ് ഈ മുദ്രാവാക്യം മുഴക്കിയതെന്നോ പോസ്റ്റര്‍ ഒട്ടിച്ചതെന്നോ വ്യക്തമായിരുന്നില്ലെങ്കിലും വരുന്ന ലോക്‌സഭാ ഇലക്ഷനു മുന്നോടിയായി ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണ വിഷയമാക്കാനാണ് തീരുമാനമെന്ന് പാര്‍ട്ടി വക്താക്കള്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദിച്ചു.