തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരേ കേരളം. വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര വനിതാ കമ്മീഷന്‍ സംസ്ഥാന വനിത ശിശു വികസന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് വിഷയം സിപിഎമ്മില്‍ ചര്‍ച്ച ചെയ്തശേഷമാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടു കത്തിലൂടെ കമ്മീഷനെ അറിയിച്ചത്. 18 വയസ്സായാല്‍ വോട്ട് ചെയ്യാനാകുന്ന പെണ്‍കുട്ടി വിവാഹ കഴിക്കാന്‍ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് കത്തില്‍ പറയുന്നു. പോക്സോ നിയമം പ്രകാരം സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിന് 18 വയസ് കഴിഞ്ഞവര്‍ക്ക് തടസമില്ലെന്നത് കത്തില്‍ ചൂണ്ടികാണിക്കുന്നു.
2021 ഡിസംബറില്‍ ലോക്സഭയില്‍ സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. ഇതു തിരികെ എത്തി ലോക്‌സഭയും രാജ്യസഭയും പാസാക്കിയാലേ നിയമമാകുകയുള്ളൂ. ദേശീയതലത്തില്‍ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളും കേന്ദ്രത്തിന്റെ നിയമഭേദഗതിയെ എതിര്‍ക്കുന്നുണ്ട്.