-
വിധി നീളും
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലിക ആശ്വാസം. ഹര്‍ജി പരിഗണിച്ച രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായി. തുടര്‍ന്നാണ് ഹര്‍ജി മൂന്നംഗ വെഞ്ചിന് വിട്ടതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. വിശദമായി ഇനി വാദം കേട്ട ശേഷമാകും മൂന്നംഗ ബെഞ്ച് കേസില്‍ വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമാണ് നിര്‍ണായക ഹര്‍ജിയില്‍ വിധി പറഞ്ഞത്.
മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് പരിശോധിക്കാമോ എന്നതിലും കേസ് നിലനില്‍ക്കുമോ എന്നതിലുമാണ് രണ്ട് ജസ്റ്റിസുമാര്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടായത്. ഈ വിഷയങ്ങളിലൊന്നും ഐക്യത്തില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ഫുള്‍ ബെഞ്ചിന് വിടുന്നുവെന്നാണ് വിധിയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18 ന് വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിധി പ്രഖ്യാപനമുണ്ടായത്. അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന്‍ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരമുള്ള കേസാണ് മൂന്നംഗ ബെഞ്ചിന് വിട്ടത്.